യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: തീപാറും പോരാട്ടം പ്രവചിച്ച് സർവേ; നേരിയ മുൻതൂക്കം കമല ഹാരിസിന്
Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം നടക്കുമെന്ന സൂചന നൽകി അഭിപ്രായ സർവേ. ഏറ്റവും പുതിയ വോൾസ്ട്രീറ്റ് ജേണൽ സർവേയിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി കമലയ്ക്ക് 48% പിന്തുണയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് 47% പിന്തുണയുമാണു രേഖപ്പെടുത്തിയത്. ഇരുവരും തമ്മിൽ 1 പോയിന്റ് മാത്രമുള്ള വ്യത്യാസം കമലയും ട്രംപും തമ്മിൽ ഇഞ്ചോടിഞ്ചു മത്സരം നടക്കുന്നതിന്റെ സൂചനയാണ്. സർവേ ഫലത്തിൽ 2.5% പിഴവ് സാധ്യതയാണ് വോൾസ്ട്രീറ്റ് ജേണൽ പ്രവചിക്കുന്നത്.
ബൈഡൻ മത്സരരംഗത്തുണ്ടായിരുന്ന ജൂലൈ ആദ്യ ആഴ്ചയിലെ സർവേകളിൽ 8% പോയിന്റുകൾക്ക് ട്രംപ് ആയിരുന്നു മുന്നിൽ. കമലയുടെ രംഗപ്രവേശത്തോടെ പുതിയ അഭിപ്രായ സർവേ ഫലങ്ങളിലെല്ലാം ട്രംപിന് ലീഡ് നഷ്ടപ്പെട്ടു. ബൈഡന്റെ പ്രായാധിക്യവും തുടർച്ചയായ നാക്കുപിഴയും ഡെമോക്രാറ്റിക് പാർട്ടിയുടെ ജയസാധ്യതകൾ ഇല്ലാതാക്കുമെന്ന ഘട്ടത്തിലാണ് ബൈഡൻ മത്സരരംഗത്തു നിന്നു പിന്മാറി കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നവംബറിലാണ് തിരഞ്ഞെടുപ്പ്.