മുൻ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് കെ.കെ.ഗോപാലകൃഷ്ണൻ അന്തരിച്ചു
Mail This Article
കൊല്ലം∙ കേരളം ആദ്യമായ സന്തോഷ് ട്രോഫി സ്വന്തമാക്കിയ ടീമിന്റെ കോച്ചും ഇന്ത്യൻ ഫുട്ബോൾ താരവുമായിരുന്ന കൊല്ലം ആശ്രാമം റോയൽ നഗർ ധന്യം വീട്ടിൽ കെ.കെ. ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. സംസ്കാരം നാളെ നടക്കും. ഭാര്യ: എൻ. രാജേശ്വരി. മക്കൾ: രാജേഷ് (യുഎസ്), ധന്യ (യുകെ). മരുമക്കൾ: നിഥിൻ, രൂപ. 1973ൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ അതിന്റെ അമരക്കാരിൽ ഒരാളായിരുന്നു ഗോപാലകൃഷ്ണൻ. സ്കൂൾ കാലഘട്ടം മുതൽ ഫുട്ബോൾ താരമായി തിളങ്ങി.
പ്രാദേശിക ടീമുകളിലൂടെയാണ് കളിച്ചു വളർന്നത്. 1962 മുതൽ 68 വരെ കേരള ടീമിനു വേണ്ടി കളിച്ചു. 1965ൽ കേരള ടീം നായകനായി. ശ്രീലങ്കയിൽ 1963ലും 1965ലും നടന്ന പെന്റാഗുലർ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ചു. തുടർന്ന് ഇന്ത്യൻ ടീമിന്റെ ഭാഗമായി. 1968ൽ ഏഷ്യൻ കപ്പിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞു. അതേ വർഷം കോഴിക്കോട് നടന്ന ഇന്ത്യ–ബർമ മത്സരത്തിലും കളിച്ചു. തുടർന്നാണ് കോച്ചിന്റെ വേഷമണിഞ്ഞത്. 1970ൽ ജലന്തറിൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിലും കേരളത്തിന്റെ കോച്ചായിരുന്നു. ഏറെക്കാലം വിവിധ ടീമുകളുടെ കോച്ചായും സേവനം ചെയ്തിരുന്നു.