ADVERTISEMENT

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച നടപ്പു സാമ്പത്തിക വർഷത്തിന്റെ (2024-25) ആദ്യപാദമായ ഏപ്രിൽ- ജൂണിൽ 6.7 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ 5 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന വളർച്ചയാണിത്. മുൻവർഷത്തെ (2023-24) സമാനപാദത്തിൽ 8.2 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ 8.1%, ഡിസംബർ പാദത്തിൽ 8.6%, മാർച്ച് പാദത്തിൽ 7.8% എന്നിങ്ങനെയുമായിരുന്നു വളർച്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മൂലധനച്ചെലവിൽ 35% വരെ ഇടിവുണ്ടായതും സാമ്പത്തിക പ്രവർത്തനങ്ങൾ കുറഞ്ഞതും കഴിഞ്ഞപാദ വളർച്ചയെ ബാധിച്ചെന്നാണ് വിലയിരുത്തൽ. ആഗോള സമ്പദ്‍രംഗത്തെ മുരടിപ്പ് ഇന്ത്യയിലെ വ്യവസായ മേഖലയിലും അലയടിച്ചതും ഉൽപാദനം കുറഞ്ഞതും തിരിച്ചടിയായി. മുൻവർഷത്തെ സമാനപാദത്തിലെ 40.91 ലക്ഷം കോടി രൂപയില്‍ നിന്ന് 43.64 ലക്ഷം കോടി രൂപയായാണ് ജിഡിപി വളർന്നത്; അതാണ് 6.7% വളർച്ച. ഇക്കഴിഞ്ഞ ജനുവരി- മാർച്ച് പാദത്തിൽ ഇത് 47.24 ലക്ഷം കോടി രൂപയായിരുന്നു.

റിസർവ് ബാങ്കിന്റെ പ്രവചനം പാളി

ഇന്ത്യ ഒന്നാംപാദത്തിൽ 7.2% വളരുമെന്ന റിസർ‌വ് ബാങ്കിന്റെ പ്രവചനമാണ് വളർച്ചാനിരക്ക് ഇടിഞ്ഞതിലൂടെ പാളിയത്. 6.5 % മുതൽ 6.7% വരെ വളർച്ചയാണ് ധനമന്ത്രാലയം പ്രതീക്ഷിച്ചിരുന്നത്. എസ്ബിഐയിലെ സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ 7- 7.1 ശതമാനവുമായിരുന്നു. അതേസമയം, ആദ്യപാദത്തിൽ തിരിച്ചടിയുണ്ടായെങ്കിലും സാമ്പത്തിക വർഷത്തെ (2024-25) ആകെ വളർച്ച 7 ശതമാനത്തിൽ കുറയാതെ നിലനിർത്താൻ ഇന്ത്യക്ക് കഴിയുമെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞവർഷം (2023-24) വളർച്ച 8.2 ശതമാനമായിരുന്നു. 2022-23ൽ 7%, 2021-22ൽ 9.7% എന്നിങ്ങനെയുമായിരുന്നു വളർച്ച. 7.2% വളർച്ചയാണ് നടപ്പുവർഷം റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

തിളക്കം മായാതെ

ജിഡിപി വളർച്ച ഇടിഞ്ഞെങ്കിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ (fastest growing major economy) എന്ന നേട്ടം ജൂൺപാദത്തിലും ഇന്ത്യ നിലനിർത്തി. സാമ്പത്തിക രംഗത്തെ ബദ്ധവൈരിയും അയൽക്കാരുമായ ചൈനയുടെ വളർച്ച 4.7 ശതമാനമാണ്. യുഎസ് 3 ശതമാനവും യുകെ 0.6 ശതമാനവും ഫ്രാൻസ് 0.3 ശതമാനവും വളർന്നു. ഇന്തൊനീഷ്യ 5.05%, സൗദി അറേബ്യ 1.4%, ജപ്പാൻ 0.8%, ജർമനി മൈനസ് 0.1% എന്നിങ്ങനെയുമാണ് വളർച്ച.

മാനുഫാക്ചറിങ്ങിൽ നേട്ടം; കൃഷിയും വ്യാപാരവും തളർന്നു

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ മാനുഫാക്ചറിങ് മേഖലയുടെ വളർച്ച 5 ൽ നിന്ന് 7 ശതമാനമായി മെച്ചപ്പെട്ടത് കഴിഞ്ഞപാദത്തിൽ ആശ്വാസമായി. നിർമാണ മേഖലയുടെ വളർച്ച 8.6 ൽ നിന്ന് 10.5 ശതമാനമായി. ഖനന, ക്വാറി മേഖല 7 ൽ നിന്ന് 7.2 ശതമാനത്തിലേക്കും പൊതുഭരണം, പ്രതിരോധ വിഭാഗങ്ങൾ 8.3 ൽ നിന്ന് 9.5 ശതമാനത്തിലേക്കും നില മെച്ചപ്പെടുത്തി.

അതേസമയം, കാർഷിക മേഖലയുടെ വളർച്ച 3.7ൽ നിന്ന് 2 ശതമാനത്തിലേക്ക് ഇടിഞ്ഞത് വൻ ക്ഷീണമായി. വ്യാപാരം, ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ, സേവന മേഖലകളുടെ വളർച്ച 9.7ൽ നിന്ന് 5.7 ശതമാനത്തിലേക്ക് താഴ്ന്നു. ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ സർവീസ് മേഖലകളുടെ വളർച്ചയും 12.6ൽ നിന്ന് 7.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ വിഭാഗങ്ങളുടെ വളർച്ച 8.6 ൽ നിന്ന് 10.5 ശതമാനമായി മെച്ചപ്പെട്ടു.

മുഖ്യ വ്യവസായ രംഗത്ത് 6.1% വളർച്ച

ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല (കോർ സെക്ടർ) ഇക്കഴിഞ്ഞ ജൂലൈയിൽ 6.1% വളർച്ച രേഖപ്പെടുത്തിയെന്ന് കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ജൂണിൽ വളർച്ച 5.1 ശതമാനമായിരുന്നു; കഴിഞ്ഞവർഷം ജൂലൈയിൽ 8.5 ശതമാനവും. സിമന്റ്, സ്റ്റീൽ, കൽക്കരി, വളം, വൈദ്യുതി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. ഇന്ത്യയുടെ മൊത്തം വ്യാവസായിക ഉൽപാദന സൂചികയിൽ (ഐഐപി) 40.27% പങ്കുവഹിക്കുന്നത് മുഖ്യ വ്യവസായ മേഖലയാണ്. നടപ്പുവർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലെ വളർച്ചയും മുൻവർഷത്തെ സമാനകാലയളവിലെ 8.5 ശതമാനത്തിൽ നിന്ന് 6.1 ശതമാനത്തിലേക്ക് കുറഞ്ഞു.

ജൂലൈയിൽ കൽക്കരി ഉൽപാദന വളർച്ച 2023 ജൂലൈയിലെ 14.9ൽ നിന്ന് 6.8 ശതമാനത്തിലേക്ക് താഴ്ന്നു. ക്രൂഡോയിലിന്റേത് 2.1 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 2.9 ശതമാനമായി കുറഞ്ഞു. പ്രകൃതിവാതകവും 8.9ൽ നിന്ന് നെഗറ്റീവ് 1.3 ശതമാനമായി കുറഞ്ഞു. സ്റ്റീൽ ഉൽപാദനം 14.9ൽ നിന്ന് 7.2 ശതമാനത്തിലേക്കും സിമന്റ് 6.9ൽ നിന്ന് 5.5 ശതമാനത്തിലേക്കും വൈദ്യുതി 8ൽ നിന്ന് 7 ശതമാനത്തിലേക്കും കുറഞ്ഞു. റിഫൈനറി ഉൽപന്നങ്ങളുടെ ഉൽപാദനം 3.6ൽ നിന്ന് 6.6 ശതമാനമായി മെച്ചപ്പെട്ടു. വളം ഉൽപാദനം 3.3ൽ നിന്ന് 6.3 ശതമാനത്തിലേക്കും വർധിച്ചു.

ധനക്കമ്മിയിൽ ആശ്വാസം

ധനക്കമ്മി (കേന്ദ്രസർക്കാരിന്റെ വരുമാനവും ചെലവും തമ്മിലെ അന്തരം) നടപ്പുവർഷം ഏപ്രിൽ- ജൂലൈയിൽ ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 17.2 ശതമാനം മാത്രം. കേന്ദ്രത്തിന് ഇത് വൻ ആശ്വാസമാണ്. മുൻവർഷത്തെ സമാനകാലത്ത് ധനക്കമ്മി ബജറ്റ് വിലയിരുത്തലിന്റെ 33.9 ശതമാനമായിരുന്നു. റിസർവ് ബാങ്കിൽ നിന്ന് 2.11 ലക്ഷം കോടി രൂപയുടെ ബമ്പർ ലാഭവിഹിതം കിട്ടിയതാണ് ഇക്കുറി ധനക്കമ്മി കുത്തനെ കുറയാൻ കേന്ദ്രത്തെ സഹായിച്ചത്.

നടപ്പുവർഷം ജിഡിപിയുടെ 4.9 ശതമാനത്തിലേക്ക് ധനക്കമ്മി കുറയ്ക്കുകയാണ് കേന്ദ്ര ലക്ഷ്യം. മൊത്തം 16.85 ലക്ഷം കോടി രൂപയുടെ ധനക്കമ്മിയാണ് നടപ്പുവർഷം കേന്ദ്രം ലക്ഷ്യമിടുന്നത്. ഏപ്രിൽ-ജൂലൈയിൽ ഇത് 2.77 ലക്ഷം കോടി രൂപയായി; അതായത് ലക്ഷ്യത്തിന്റെ 17.2%.

English Summary:

India's GDP Growth Dips to 6.7% in Q1 FY24, Slowest in Five Quarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com