പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി വസ്തുക്കൾ നൽകി ലൈംഗികാതിക്രമം; 4 പേർ പിടിയിൽ
Mail This Article
കൊച്ചി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപ്പോയ കേസിൽ നാലുപേർ പിടിയിൽ. ആലുവ കാഞ്ഞൂർ ഭാഗത്ത് മരോട്ടിക്കുടി വീട്ടിൽ ലിന്റോ (26), മലപ്പുറം നിലമ്പൂർ കരിമ്പുഴ ഭാഗത്ത് വിശാലിൽ വീട്ടിൽ മുഹമ്മദ് നിവാസ് (23), മുനമ്പം പള്ളിപ്പുറം ചെറായി ഭാഗത്തു കല്ലുംത്തറ വീട്ടിൽ വൈശാഖ് (29), നായരമ്പലം നെടുങ്ങാട് ഭാഗത്ത് കൊട്ടാരപ്പറമ്പിൽ വീട്ടിൽ അഭിനവ് (22) എന്നിവരെയാണു ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ ടൂർ പോകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോയി ചെറായി, ആലങ്ങാട് തുടങ്ങിയ പല സ്ഥലങ്ങളിൽ കാറിലും മറ്റും കറങ്ങി നടന്നതാണു കേസിനാസ്പദമായത്. പ്രതികളിലൊരാളായ അഭിനവ് പെൺകുട്ടിയെ താമസസ്ഥലത്തിനടുത്തുനിന്നു കടത്തിക്കൊണ്ടു പോവുകയും ലിന്റോ ലോഡ്ജ് മുറിയെടുത്ത് ലഹരിവസ്തുക്കൾ കൊടുത്ത് ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ടാക്സി ഡ്രൈവറായ മുഹമ്മദ് നിവാസ് പെൺകുട്ടിയെ കാറിൽ കൊണ്ടുനടന്ന് മദ്യം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു.
വൈശാഖ് ഇയാളുടെ കാറിൽ ചെറായിയിലും ആലങ്ങാട് സ്റ്റേഷൻ പരിധിയിലുള്ള മറിയപ്പടി വല്യപ്പൻപടി ഭാഗത്തുള്ള വാടകവീട്ടിൽ പെൺകുട്ടിയെ കൊണ്ടുപോവുകയും വിവിധതരത്തിലുള്ള മാരകമായ ലഹരി വസ്തുക്കൾ പെൺകുട്ടിക്ക് നൽകുകയും ചെയ്തു. ഇതേത്തുടർന്നു കുട്ടിക്ക് മാനസികവിഭ്രാന്തി ഉണ്ടാവുകയും ചെയ്തിരുന്നു.