പശുക്കടത്തുകാരനെന്ന് കരുതി പ്ലസ്ടു വിദ്യാർഥിയെ വെടിവച്ചു കൊന്നു; ഹരിയാനയിൽ 5 പേർ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി∙ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഹരിയാനയിൽ പ്ലസ് ടു വിദ്യാർഥിയെ പിന്തുടർന്ന് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തിൽ പശു സംരക്ഷകർ എന്ന് അവകാശപ്പെടുന്ന അനിൽ കൗശിക്, വരുൺ, കൃഷ്ണ, അദേഷ്, സൗരഭ് എന്നിവരാണ് അറസ്റ്റിലായത്. ഫരീദാബാദ് സ്വദേശി ആര്യൻ മിശ്രയാണ് കൊല്ലപ്പെട്ടത്. ആര്യനും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ 30 കിലോമീറ്ററോളം പിന്തുടര്‍ന്നശേഷം അക്രമിസംഘം വെടിവയ്ക്കുകയായിരുന്നു.
പശുക്കടത്തുകാര്‍ രണ്ട് കാറുകളില്‍ ഫരീദാബാദില്‍ കറങ്ങുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അക്രമിസംഘം തിരച്ചിലിനിറങ്ങിയത്. ഗധ്പുരിയില്‍നിന്ന് ഡല്‍ഹി–ആഗ്ര ദേശീയപാത വരെ അക്രമിസംഘം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്നു. പട്ടേല്‍ ചൗക്കില്‍ വച്ച് ആര്യന്‍ മിശ്രയും സുഹൃത്തുക്കളായ ഷാന്‍കി, ഹര്‍ഷിത് എന്നിവരും സഞ്ചരിച്ച കാർ ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഷാന്‍കിയോട് വിരോധമുള്ള സംഘത്തില്‍പ്പെട്ടവരാണെന്ന് ഭയന്ന് അവര്‍ കാറോടിച്ച് പോയി.
ഹര്‍ഷിതാണ് കാറോടിച്ചിരുന്നത്. ഒടുവില്‍ ഗുണ്ടാസംഘം കാറിനുനേരെ വെടിവച്ചു. ഡ്രൈവര്‍ സീറ്റിനരികിലിരുന്ന ആര്യന്റെ കഴുത്തില്‍ വെടിയേറ്റു. വാഹനം നിര്‍ത്തിയപ്പോൾ തിരിച്ച് വെടിയുതിർക്കാനെന്നു കരുതി അക്രമികള്‍ വീണ്ടും വെടിയുതിര്‍ത്തു. ഇതും ആര്യനാണ് കൊണ്ടത്. കാറില്‍ സ്ത്രീകളെക്കൂടി കണ്ടപ്പോഴാണ് ആളുമാറിയെന്ന് അക്രമിസംഘത്തിന് മനസ്സിലായത്. അവര്‍ ഉടന്‍ സ്ഥലം വിട്ടു. ആര്യനെ പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. അക്രമികള്‍ ഉപയോഗിച്ച തോക്ക് അനധികൃതമായി നിര്‍മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ ചോദ്യംചെയ്തു വരികയാണ്.