ADVERTISEMENT

കണ്ണൂർ ∙ ഒരു തലവന്റെ കീഴിലെ രണ്ട് മാഫിയ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്ന് ബിജെപി അഖിലേന്ത്യാ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ഇരു സംഘങ്ങളെയും ഒരുമിപ്പിക്കാൻ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ഭരണകക്ഷി എംഎൽഎയായ പി.വി.അൻവർ ഉയർത്തിയ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

പി.വി.അൻവർ പൊട്ടിച്ച ബോംബിനേക്കാൾ പ്രഹരശേഷിയുള്ള ബോംബാണ് മുഖ്യമന്ത്രിക്കെതിരെ എഡിജിപി അജിത് കുമാറിന്റെ കൈവശമുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു. അജിത് കുമാറിനെ മാറ്റിയാൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമാണ് ഇത്ര ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും എഡിജിപിയെ സംരക്ഷിക്കാൻ കാരണം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണ്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അജിത് കുമാറിനോടു തന്നെ ആവശ്യപ്പെടുന്നതായിരുന്നു ഇതിനേക്കാൾ നല്ലതെന്നും കൃഷ്ണദാസ് പരിഹസിച്ചു. 

എഡിജിപിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെയും രാഷ്ട്രീയ  നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുമെല്ലാം ഫോൺ ചോർത്തിയതായി അൻവർ വെളിപ്പെടുത്തിയല്ലോ. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ എഡിജിപി ഫോൺ ചോർത്തുമെന്നു കരുതുന്നില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിയുടെ പ്രവൃത്തി ദാവൂദ് ഇബ്രാഹിമുമായി ഉപമിക്കാവും വിധമാണെന്ന് പറഞ്ഞത് ഭരണപക്ഷ എംഎൽഎ തന്നെയാണ്. രാഷ്ട്രീയപ്രേരിതമായ ആരോപണമെന്നു പറഞ്ഞ് തള്ളിക്കളയാൻ സാധിക്കില്ല. മുഖ്യമന്ത്രി രാജിവയ്ക്കണം. പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും കൃഷ്ണദാസ് പറഞ്ഞു.

പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നു പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഇക്കാര്യത്തിൽ പ്രഖ്യാപിച്ച അന്വേഷണം ഗൗരവമുള്ളതാണെന്ന് പറയാൻ സാധിക്കുമോ? സിപിഎം അതിന്റെ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുകയാണ്. പൊലീസ് തൃശൂർ പൂരം കലക്കിയത് സുരേഷ്ഗോപിയെ ജയിപ്പിക്കാനാണെന്ന് ആരോപിച്ച് ശ്രദ്ധതിരിച്ചുവിടാനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശ്രമിക്കുന്നത്. കേരളത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭരണം നിലനിർത്താനുള്ള ഒത്താശയാണ് ഇതിലൂടെ സതീശൻ ചെയ്യുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

English Summary:

ADGP Ajith Kumar's Allegations Shake Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com