ADVERTISEMENT

കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കള്ളക്കടത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിന് പങ്കുണ്ടെന്ന ആരോപണവുമായി പൊതുപ്രവർത്തകനും മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റുമായ കെ.എം.ബഷീർ. ഇക്കാര്യം അറിയിച്ച് 2021ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണെന്നും കെ.എം.ബഷീർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം തിരൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയും കൊണ്ടോട്ടി പൊലീസും മൊഴിയെടുത്തു. എന്നാൽ തുടർനടപടി ഒന്നുമുണ്ടായില്ലെന്നും ബഷീർ പറഞ്ഞു.

‘‘കരിപ്പൂർ വിമാനത്താവളത്തിന്റെ പരിസരത്തുവച്ച് സുജിത് ദാസിന്റെ നിർദേശപ്രകാരം സ്വർണം പിടികൂടുന്നത് എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ്. അ‍ഞ്ചംഗം സംഘമാണ് സ്വർണക്കടത്തിനു പിന്നിൽ. സ്വർണക്കടത്ത് കേസിൽ പൊലീസ് നേരിട്ട് ഇടപെടാൻ പാടില്ലെന്നും പൊലീസ് സ്വർണം പിടിച്ചാൽ കസ്റ്റംസിനു കൈമാറണമെന്നുമാണു നിയമം. എന്നാൽ പിടിച്ചെടുത്ത സ്വർണം നേരിട്ട് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്യുന്നത്. പിടിച്ചെടുക്കുന്ന സ്വർണത്തിൽനിന്ന് ഒരു ഭാഗം മാറ്റിയ ശേഷമാണ് കോടതിയിൽ ഹാജരാക്കുന്നത്. സ്വർണം കൊണ്ടോട്ടിയിലുള്ള ഉണ്ണി എന്ന സ്വർണപ്പണിക്കാരനെക്കൊണ്ടാണ് ഉരുക്കിക്കുന്നത്. ഒരു കിലോ സ്വർണമാണ് പിടിച്ചതെങ്കിൽ കോടതിയിൽ കെട്ടിവയ്ക്കുമ്പോൾ 300 ഗ്രാമോളം കുറവുണ്ടാകും. സ്വർണം ഉരുക്കുന്ന ഉണ്ണി ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.

കസ്റ്റംസ് സൂപ്രണ്ട് പ്രവീൺ കുമാർ സുജിത്ത് ദാസിന്റെ സംഘത്തിന്റെ ഭാഗമാണ്. സുജിത്ത് ദാസ് കസ്റ്റംസിൽ ആയിരുന്നപ്പോഴാണ് പ്രവീൺ കുമാറുമായി അടുത്തത്. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ അനീഷ്, നേരത്തേ കരിപ്പൂരിൽ എസ്എച്ച്ഒ ആയിരുന്ന ഇപ്പോഴത്തെ ഡിവൈഎസ്പി ഷിബു എന്നിവർ സംഘത്തിന്റെ ഭാഗമാണ്.

പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയപ്പോഴും അവിടെയിരുന്നുകൊണ്ട് സുജിത് ദാസ് സ്വർണക്കടത്ത് നിയന്ത്രിച്ചു. കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് സുജിത് ദാസ് അടങ്ങുന്ന സംഘം തട്ടിയെടുത്തത്. രാത്രി 10 മണിക്കു ശേഷം കരിപ്പൂർ എയർപോർട്ട് റോഡിലെ കടകൾ അടച്ചിടണമെന്ന് സുജിത്ത് ദാസ് ഉത്തരവിറക്കിയത് കള്ളക്കടത്ത് സുഗമമാക്കാനാണെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ കടകൾ അടയ്ക്കാൻ പൊലീസ് നിർദേശം നൽകിയിട്ടില്ലെന്നറിയിച്ച് പരാതി തള്ളുകയായിരുന്നുന്നു’’– ബഷീർ പറഞ്ഞു.

English Summary:

K.M. Basheer Demands Investigation into Sujith Das's Alleged Role in Gold Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com