‘എസ്ഐയുടെ കാര്യം ഞാൻ ഏറ്റു’; അബിൻ വർക്കിക്ക് സുധാകരന്റെ ഉറപ്പ്, പൊലീസുകാർക്ക് താക്കീത്
Mail This Article
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സംഭവസ്ഥലത്തെത്തി പൊലീസിനെ താക്കീത് ചെയ്തു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ‘‘പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഞാന്‍ അവരോടു പറയുകയാണ്. പൊലീസ് അല്ല പട്ടാളം വന്നാലും വെടിവച്ചാലും സമരം ഇവിടെ നില്‍ക്കില്ല. കയ്യാങ്കളി കളിച്ച് ആയുധം കാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ച് ചോരവീഴ്ത്തി ഞങ്ങളെ ഒതുക്കാന്‍ നോക്കേണ്ട. അതിനു ശ്രമിക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ നാട്ടില്‍ വച്ച് കണ്ടുമുട്ടും. ഒരു സംശയവും വേണ്ട നാളെ മുതല്‍ നിങ്ങള്‍ നോക്കിക്കോളൂ.’’ – സുധാകരൻ പറഞ്ഞു.
എന്താണു പ്രവര്‍ത്തകര്‍ ചെയ്ത തെറ്റെന്നും സുധാകരന്‍ ചോദിച്ചു. ‘‘സിന്ദാബാദ് വിളിച്ചതാണോ പ്രശ്‌നം. മുദ്രാവാക്യം വിളിച്ചതിനു തലയ്ക്കടിച്ചു വീഴ്ത്തി കൊല്ലാനാണോ നോക്കുന്നത്. അങ്ങനെ നിയമമുണ്ടോ ഇവിടെ. ഏതു പൊലീസിനാണ് അതിന് അധികാരമുള്ളത്. അങ്ങനെ ആക്രമിച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടാനാണു ഞങ്ങളുടെ തീരുമാനം. അപ്പോള്‍ കാണാം സിപിഎമ്മിന്. ഇത്തരത്തില്‍ സമരം അടിച്ചമര്‍ത്താന്‍ കഴിയില്ല. ഒരു അബിന്‍ വര്‍ക്കിയല്ല നൂറ് അബിന്‍ വര്‍ക്കിമാര്‍ വരും. അതിനുള്ള കരുത്തു കോണ്‍ഗ്രസിനുണ്ട്. അത് ഓര്‍ക്കുന്നതാണ് നല്ലത്. പൊലീസുകാര്‍ അറസ്റ്റ് ചെയ്തു മാറ്റണം. അല്ലാതെ തലയ്ക്ക് അടിക്കുകയല്ല. പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറി നഗ്നത കാണലല്ല പൊലീസിന്റെ പണി. അഭിമാനമുള്ള അന്തസുള്ള എത്ര പൊലീസുകാരുണ്ട് ഈ കൂട്ടത്തില്‍. കാട്ടുമൃഗങ്ങളെ പോലെയല്ലേ തല്ലിയത്. പാര്‍ട്ടി സമരം ഏറ്റെടുക്കും.’’ – സുധാകരൻ പറഞ്ഞു.
സമരത്തിനിടെ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ സുധാകരൻ പ്രവര്‍ത്തകരുമായി സംസാരിച്ചതിനു ശേഷം അടിയേറ്റ അബിന്‍ വര്‍ക്കിയോട് ആശുപത്രിയിലേക്കു പോകാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യമാണ് ഇപ്പോൾ പ്രധാനമെന്നും എസ്ഐയുടെ കാര്യം താൻ ഏറ്റെന്നുമായിരുന്നു സുധാകരൻ അബിൻ വർക്കിയോട് പറഞ്ഞത്. ആദ്യം പ്രവർത്തകരും എം.ലിജുവും അടക്കം നിർദേശിച്ചിട്ടും ആശുപത്രിയിലേക്ക് പോകാൻ അബിൻ തയാറായിരുന്നില്ല. മര്‍ദനത്തിനു നേതൃത്വം നല്‍കിയ കന്റോണ്‍മെന്റ് എസ്‌ഐ ഷിജുവിനെ സമരമുഖത്തുനിന്ന് മാറ്റാതെ അബിന്‍ വര്‍ക്കി അടക്കം പരുക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. പൊലീസും നേതാക്കളും തമ്മില്‍ ഇതോടെ വാക്കേറ്റമുണ്ടായി. പ്രതിഷേധം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നാളെ കെ.സുധാകരന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തും.