മാമിയുടെ തിരോധാനം: കേസ് സിബിഐയ്ക്ക് കൈമാറാം; റിപ്പോർട്ട് നൽകി മലപ്പുറം എസ്പി
Mail This Article
കോഴിക്കോട്∙ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് കൈമാറാമെന്ന് റിപ്പോർട്ട് നൽകി അന്വേഷണ സംഘത്തലവനായ മലപ്പുറം എസ്പി എസ്.ശശിധരൻ. സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെയാണ് എസ്പി റിപ്പോർട്ട് നൽകിയത്.
മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യ റുക്സാന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബർ ഒന്നിലേക്ക് മാറ്റിയിരുന്നു. പൊലീസ് എസ്ഐടി വിഭാഗം നിലവിൽ അന്വേഷിക്കുന്ന കേസിൽ പരാതിക്കാർ സിബിഐ അന്വേഷണം ആവശ്യം ഉന്നയിച്ചതിനാൽ സ്പെഷൽ പ്രോസിക്യൂട്ടറുടെ മുൻപാകെ ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്നും ഇന്നലെ കോടതി പറഞ്ഞു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഇതിനിടെയാണ് എസ്പി സിബിഐ അന്വേഷണം നടത്താമെന്നറിയിച്ച് ഡിജിപിക്ക് ഇന്നലെ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൻമേൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. േകസ് കോടതി വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് അറിയിച്ചേക്കും.
അന്വേഷണ സംഘത്തെ മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ സംഘാംഗങ്ങളെ മാറ്റാതെ അന്വേഷണച്ചുമതല കോഴിക്കോട് എസ്പിയിൽ നിന്നും മലപ്പുറം എസ്പിക്ക് കൈമാറുക മാത്രമാണ് ചെയ്തത്. ഇതിനിടെയാണ് എസ്പി സിബിഐ അന്വേഷണം ആകാമെന്നറിയിച്ച് ഡിജിപിക്ക് റിപ്പോർട്ടുനൽകിയത്. മാമി തിരോധാനക്കേസിൽ എഡിജിപി എം.ആർ.അജിത് കുമാറിന് ഉൾപ്പെടെ പങ്കുണ്ടെന്ന് പി.വി.അൻവർ എംഎൽഎ ആരോപിച്ചിരുന്നു.