മോദി ആരാധനയിൽ ബിജെപിയിൽ; ഫോഗട്ടിനെ നേരിടാൻ ‘വന്ദേ ഭാരത്’ സാരഥി
Mail This Article
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിനെതിരെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെ ഇറക്കി ബിജെപി. ജുലാന മണ്ഡലത്തിൽ നിന്നാണ് ഇരുവരും ജനവിധി തേടുന്നത്. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോഴാണ് യോഗേഷിന്റെ പേരും ഉൾപ്പെട്ടത്.
എയർ ഇന്ത്യയുടെ മുൻ പൈലറ്റായ യോഗേഷ്(35) ചെന്നൈ പ്രളയത്തിലുൾപ്പെടെ നിരവധി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ്. കോവിഡ് മഹാമാരിയിൽ അകപ്പെട്ട് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘വന്ദേ ഭാരത്’ മിഷനിലും അദ്ദേഹം പങ്കാളിയായിരുന്നു. വന്ദേ ഭാരത് മിഷന്റെ വിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനയാണ് അദ്ദേഹത്തെ ബിജെപിയിൽ എത്തിച്ചത്. നിലവിൽ ഹരിയാന ബിജെപി യൂത്ത് വിങ്ങിന്റെ വൈസ് പ്രസിഡന്റാണ് യോഗേഷ്.
21 പേരടങ്ങിയ സ്ഥാനാർഥി പട്ടികയാണ് ബിജെപി ഇന്ന് പുറത്തുവിട്ടത്. ഇതോടെ 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 87 സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു. ആദ്യഘട്ട പട്ടികയിൽ 67 സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി ഉൾപ്പെടെ നിലവിലെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ആദ്യപട്ടികയിൽ ഇടംപിടിച്ചിരുന്നു. അതേസമയം രണ്ടു മന്ത്രിമാരും എട്ട് സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഇടം പിടിച്ചിരുന്നില്ല.
ഒക്ടോബർ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.