ശർമിളയെ പരിചയപ്പെട്ടത് തീർഥാടന യാത്രയ്ക്കിടെ; കൊലപ്പെടുത്തിയത് സ്വർണവും പണവും കവരാൻ?
Mail This Article
ആലപ്പുഴ∙ ആത്മീയ കാര്യങ്ങളിൽ മുഴുകിയ ഒരുപാട് പരിചയക്കാരുള്ള സ്ത്രീയാണ് സുഭദ്രയെന്ന് ആലപ്പുഴ ഡിവൈഎസ്പി മധു ബാബു. കലവൂർ സ്വദേശികളായ 2 പേർക്കൊപ്പം സുഭദ്രയെ കണ്ടതായി പലരും പറഞ്ഞിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളായിരുന്നു ഇവർ. ആത്മീയ കാര്യവുമായി ബന്ധപ്പെട്ട അടുപ്പം വഴിയാണ് ദമ്പതികളുമായി സുഭദ്ര അടുക്കുന്നത്. മാത്യൂസ്, ശർമിള എന്നിങ്ങനെയാണ് ദമ്പതികളുടെ പേരുകൾ. ദമ്പതികളെയും കാണാനില്ലെന്ന് മനസിലായതോടെ നടത്തിയ അന്വേഷണം സംശയം കൂടുതൽ ബലപ്പെടുത്തുകയായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.
അതിനിടെ, കൊച്ചി നഗരത്തിൽ അടിക്കടി സ്ത്രീകളുടെ തിരോധാനം ഉണ്ടാകുന്നുവെന്ന് ടി.ജെ. വിനോദ് എംഎൽഎ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ വേദനയുണ്ടാക്കുന്ന കാര്യങ്ങളാണ്. സുഭദ്രയെ ഒരു മാസമായി കാണാത്തതിനെ തുടർന്ന് മകനാണ് പൊലീസിൽ പരാതി നൽകിയത്. സിസിടവി ദൃശ്യങ്ങളിൽ നിന്നും ശർമിള എന്ന സ്ത്രീയുമായി സുഭദ്ര പോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. അവരുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപതാകം നടന്നതായി പൊലീസിനു ബോധ്യപ്പെട്ടത്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടി പൊലീസ് സ്വകരിക്കും. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ടി.ജെ. വിനോദ് ആവശ്യപ്പെട്ടു.
തീർഥാടന യാത്രക്കിടെയാണ് ശർമിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർഥാടന യാത്രക്ക് വേണ്ടി ശർമിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. സെപ്റ്റംബർ നാലിനു വീട്ടിൽ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിനു പിന്നാലെ സെപ്റ്റംബർ ഏഴിനാണ് മകൻ രാധാകൃഷ്ണൻ പൊലീസിൽ പരാതി നൽകിയത്. ക്ഷേത്ര ദർശനത്തിനു പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി. സുഭദ്രയെ സ്വർണവും പണവും കവർന്ന ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.