നിയമസഭാ കയ്യാങ്കളിക്കേസിൽ നിർണായക ഹൈക്കോടതി വിധി, കേജ്‌രിവാളിന് ജാമ്യം: പ്രധാനവാർത്തകൾ
Mail This Article
നിയമസഭാ കയ്യാങ്കളി സംഭവത്തിൽ കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയതും മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചതുമടക്കം സംസ്ഥാന– ദേശീയ തലത്തിൽ നിരവധി സംഭവവികാസങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്.
നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസെടുത്തതിനെതിരെ മുൻ എംഎൽഎമാരായ എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ.ശിവദാസൻ നായർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാളിനു സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണു ജഡ്ജിമാർ വിധി പറഞ്ഞത്. ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ കേജ്‌രിവാൾ ജയിൽമോചിതനായി. തിഹാർ ജയിലിനു പുറത്ത് വൻ സ്വീകരണമാണ് കേജ്‌രിവാളിന് എഎപി പ്രവർത്തകർ ഒരുക്കിയത്.
കോഴിക്കോട്ട് അമ്മയും ഗർഭസ്ഥശിശുവും മരിച്ചത് കേരളത്തിനെ കണ്ണീരിലാഴ്ത്തി. . എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയും (35) കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണു പ്രസവത്തിൽ ഗർഭപാത്രം തകർന്നു ശിശു മരിച്ചത്. പിന്നാലെ അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്തെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ വെള്ളിയാഴ്ച വൈകിട്ട് മരണത്തിനു കീഴടങ്ങുകയായിരുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേരുമാറ്റി കേന്ദ്ര സർക്കാർ. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനായുള്ള പേരുമാറ്റങ്ങളുടെ ഭാഗമായാണിതും.
അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. വെള്ളിയാഴ്ച വൈകിട്ട് ഡൽഹി എയിംസിൽനിന്ന് യച്ചൂരിയുടെ ബന്ധുക്കളും പാർട്ടി നേതാക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് ജെഎൻയു ക്യാംപസിൽ പൊതുദർശനത്തിനുശേഷം വസന്ത് കുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോയി.