‘മഡുറോയ വധിക്കാൻ സിഐഎയുടെ ഗൂഢപദ്ധതി’: ആരോപണം നിഷേധിച്ച് യുഎസ്
Mail This Article
ന്യൂയോർക്ക് ∙ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാൻ യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎ ഗൂഢാലോചന നടത്തിയെന്ന് ആരോപണം. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് യുഎസ് പൗരന്മാരെയും രണ്ട് സ്പാനിഷ് പൗരൻമാരെയും ഒരു ചെക്ക് റിപ്പബ്ലിക് പൗരനെയും അറസ്റ്റ് ചെയ്തതായി വെനസ്വേല ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു. കൂലിപ്പടയാളികളെ വച്ച് സിഐഎ പദ്ധതിക്ക് നേതൃത്വം നൽകുന്നുവെന്നാണ് വെനസ്വേലയുടെ ആരോപണം. എന്നാൽ വെനസ്വേലയുടെ ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് യുഎസ്. തടവിലാക്കിയ മൂന്ന് യുഎസ് പൗരൻമാരിൽ ഒരാൾ തങ്ങളുടെ സൈനികനാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു.
തടവിലായവർ കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ‘ഫ്രഞ്ച് കൂലിപ്പടയാളികളുമായി’ ബന്ധപ്പെട്ടിട്ടുണ്ടെന്നും വെനസ്വേലയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനുള്ള ഒരു പദ്ധതിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമാണ് ആഭ്യന്തരമന്ത്രി കാബെല്ലോയുടെ പ്രധാന ആരോപണം. ഇവരിൽ നിന്ന് 400-ലധികം റൈഫിളുകൾ പിടിച്ചെടുത്തുവെന്നും രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും വെനസ്വേല സർക്കാർ ആരോപിക്കുന്നു.
തടവിലാക്കപ്പെട്ട സ്പാനിഷ് പൗരൻമാർ സ്പെയിനിന്റെ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഇന്റലിജൻസ് സെന്ററുമായി (സിഎൻഐ) ബന്ധമുള്ളവരാണെന്നും വെനസ്വേലൻ സർക്കാർ ആരോപിച്ചു. എന്നാൽ ഇരുവരും തങ്ങളുടെ രഹസ്യാന്വേഷണ സംഘടനയിൽ പെട്ടവരല്ലെന്നാണ് സ്പാനിഷ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. വെനസ്വേലയില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നും സ്പാനിഷ് സർക്കാർ അറിയിച്ചു.
പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് പുറമെ, വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്, ആഭ്യന്തര മന്ത്രി കാബെല്ലോ പാർട്ടിയിലെ മുതിർന്ന നേതാക്കൾ എന്നിവരെ വധിക്കാൻ സിഐഎയും സിഎൻഐയും ചേർന്ന് ലക്ഷ്യമിട്ടെന്നും വെനസ്വേല സർക്കാർ ആരോപിക്കുന്നുണ്ട്. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പിൽ മഡുറോയുടെ വിജയത്തിന് പിന്നാലെയാണ് യുഎസും സ്പെയിനും ചേർന്ന് ഗൂഢപദ്ധതി തയ്യാറാക്കിയതെന്നും വെനസ്വേലൻ സർക്കാർ ചൂണ്ടിക്കാട്ടുന്നു.