അഫ്ഗാനിസ്ഥാനിൽ പോളിയോ കേസുകൾ വർധിക്കുന്നു; പ്രതിരോധ കുത്തിവയ്പ് നിർത്തിവയ്പ്പിച്ച് താലിബാൻ
Mail This Article
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കിടയിൽ പോളിയോ കേസുകൾ വർധിച്ചിട്ടും പ്രതിരോധ കുത്തിവയ്പ്പുകൾ നിർത്തിവയ്പ്പിച്ച് താലിബാൻ ഭരണകൂടം. ഔദ്യോഗിക വിശദീകരണം നൽകാതെയാണ് മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികൾ ഭരണകൂടം റദ്ദാക്കിയതെന്ന് യുഎൻ ഏജൻസികൾ പറയുന്നു. അഫ്ഗാനിസ്ഥാനിലെ എല്ലാ പോളിയോ വാക്സിനേഷൻ ക്യാംപുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ കഴിഞ്ഞ ദിവസമാണ് താലിബാൻ ഉത്തരവിട്ടത്.
പോളിയോ വ്യാപനം നിർമാർജനം ചെയ്യാത്ത ലോകത്തിലെ രണ്ട് രാജ്യങ്ങൾ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും മാത്രമാണ്. പോളിയോ നിർമാർജന പരിപാടിയുമായി യുഎൻ മുന്നോട്ട് പോകുമ്പോഴാണ് ഭരണകൂടം തന്നെ പദ്ധതിയോട് വിമുഖത കാട്ടുന്നത്. വളരെക്കാലമായി രോഗം റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രവിശ്യകളിലേക്കും വൈറസ് പടർന്നു പിടിച്ചിട്ടുണ്ടെന്നാണ് യൂണിസെഫ്, ലോകാരോഗ്യ സംഘടന എന്നിവരുടെ റിപ്പോർട്ടിൽ പറയുന്നത്.
തെക്കൻ അഫ്ഗാനിസ്ഥാനിലാണ് മൊത്തം പോളിയോ കേസുകളുടെയും 66 ശതമാനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജനങ്ങൾക്കിടയിൽ വാക്‌സിനേഷൻ ക്യാംപുകളുടെ വിശ്വാസ്യത വളർത്തുന്നതിനായി യുഎൻ ഏജൻസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെയാണ് താലിബാൻ ഭരണകൂടത്തിന്റെ നിലപാടുകൾ പോളിയോ നിർമാർജനത്തിന് തിരിച്ചടിയാകുന്നത്.
ഇതുവരെ, 16 അഫ്ഗാൻ പ്രവിശ്യകളിലായാണ് പോളിയോ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 56 വൈൽഡ് പോളിയോ വൈറസ് ടൈപ്പ്–1 കേസുകളും ഇതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. mOPV2, mOPV1, tOPV തുടങ്ങിയ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയാണ് പോളിയോ നിർമാർജന യജ്ഞനം യുഎൻ ഏജൻസികൾ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുന്നത്.