‘ജുലാനയുടെ മരുമകൾ’ ആയി വിനേഷ് ഫോഗട്ട്; പരമ്പരാഗത ദുപ്പട്ട വേഷത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം
Mail This Article
ചണ്ഡിഗഡ്∙ ഹരിയാനയിലെ ജുലാന അസംബ്ലി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാജ്യാന്തര ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. പരമ്പരാഗത ദുപ്പട്ട വേഷത്തിലാണ് വിനേഷ് ഫോഗട്ട് ജുലാനയിലെ ഗ്രാമങ്ങളിൽ വോട്ട് തേടി എത്തുന്നത്. പ്രചാരണത്തിന് എത്തുന്ന തന്നെ ജുലാനയുടെ മരുമകളായി ഗ്രാമീണർ സ്വീകരിക്കുകയാണെന്നും വിനേഷ് പറയുന്നു.
തലയിൽ ‘ചുന്നി’ (പരമ്പരാഗത ദുപ്പട്ട) കൊണ്ട് മറച്ച് വോട്ട് തേടുന്ന വിനേഷ് ഫോഗട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിൽ നിന്ന് സ്ഥലം വിടുമെന്ന ആരോപണങ്ങൾക്ക് "ഞാൻ ഈ നാടിന്റെ മരുമകളാണ്, ഒരിക്കലും ഇവിടം ഉപേക്ഷിക്കില്ല," എന്നായിരുന്നു വിനേഷിന്റെ മറുപടി..
ജുലാനയ്ക്കടുത്തുള്ള ബക്ത ഖേര ഗ്രാമത്തിലാണ് വിനേഷിന്റെ ഭർത്താവ് സോംബീർ രതിയുടെ വീട്. സോംബീറിന്റെ കുടുംബം ഇപ്പോൾ സോനിപട്ടിൽ സ്ഥിരതാമസമാണ്. ജുലാനയിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായ കവിതാ ദലാലിന്റെ 'ജുലാന കി ബേട്ടി' (ജുലാനയുടെ മകൾ) എന്ന പ്രചാരണത്തെ ചെറുക്കാനായാണ് വിനേഷിന്റെ ‘ജുലാനാ കി ബാഹു’ പ്രചാരണം കോൺഗ്രസ് കൊഴുപ്പിക്കുന്നത്.
ജനനായക് ജനതാ പാർട്ടി (ജെജെപി)യുടെ സിറ്റിങ് സീറ്റായ ജുലാനയിൽ ഇത്തവണ വാശിയേറിയ ചതുഷ്കോണ പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി വിനേഷ് ഫോഗട്ടിന് കടുത്ത എതിരാളിയായി ബിജെപി രംഗത്തിറക്കിയിരിക്കുന്തന് മുൻ വ്യോമസേന ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെയാണ്. ജെജെപി സിറ്റിങ് എംഎൽഎ അമർജിത്ത് ദണ്ഡയും എഎപി കവിതാ ദലാലും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ 24,000ൽ പരം വോട്ടുകൾക്കാണ് ജെജെപിയുടെ അമർജിത്ത് ദണ്ഡ ജുലാനയിൽ വിജയിച്ചത്. പോൾ ചെയ്ത 49 ശതമാനം വോട്ടുകളും ജെജെപി സ്ഥാനാർഥിക്ക് കഴിഞ്ഞ തവണ ഇവിടെ ലഭിച്ചിരുന്നു.