ജമ്മു കശ്മീരിൽ 59% പോളിങ്; വോട്ടെടുപ്പ് സമാധാനപരമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ആറു വരെ 59 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പോളിങ് സമാധാനപരമായിരുന്നു എന്നും അനിഷ്ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
കശ്മീരിൽ കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പുകളിൽ (നാലു ലോക്സഭാ തിരഞ്ഞെടുപ്പ്, മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പ്) ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇന്നു രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കിശ്ത്വാർ ജില്ലയിലാണ് ഉയർന്ന പോളിങ് (77%). പുൽവാമിയലാണ് കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്– 46 ശതമാനം.
ജമ്മുകശ്‍മീരിൽ ആകെ 90 മണ്ഡലങ്ങളാണുള്ളത്. ഇതിൽ 24 മണ്ഡലങ്ങളിലേക്കാണു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 219 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടിയച്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയായിരുന്നു പോളിങ്. സെപ്റ്റംബർ 25നും ഒക്ടോബർ ഒന്നിനുമാണ് അടുത്ത ഘട്ട വോട്ടെടുപ്പ്.