ഹിസ്ബുല്ലയ്ക്ക് ഇപ്പോഴും പ്രിയം പേജർ; ലബനൻ സ്ഫോടനത്തിനു പിന്നിൽ ഇസ്രയേൽ ഹാക്കിങ്?
Mail This Article
ജറുസലം ∙ ലബനനെ ഞെട്ടിച്ച് തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കൻ ബെക്കാ താഴ്‌വരയിലും പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സ്ഫോടനങ്ങൾ ആരംഭിച്ചത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായ ഈ പ്രദേശങ്ങളിൽ ഏകദേശം ഒരു മണിക്കൂർ നേരം സ്ഫോടനങ്ങൾ തുടർന്നു. നൂറുകണക്കിനു പേജറുകൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ. പേജറുകൾ മുഴങ്ങിയതിനു ശേഷമാണ് ചില സ്ഫോടനങ്ങൾ ഉണ്ടായതെന്നു പ്രദേശവാസികളെ ഉദ്ധരിച്ചു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സിറിയയിലും ഇതേസമയം പേജറുകൾ പൊട്ടിത്തെറിച്ചെന്നാണു വിവരം.
എന്താണ് പേജർ?
മൊബൈൽ ഫോണുകൾക്കു മുൻപു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണം. എസ്എംഎസ് പോലെ സന്ദേശം കൈമാറാൻ മാത്രമേ കഴിയൂ, കോൾ പറ്റില്ല. ഉപയോഗിക്കുന്നവരുടെ ലൊക്കേഷനും മറ്റും കണ്ടുപിടിക്കുക എളുപ്പമല്ലാത്തതിനാലാണ് ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകൾക്ക് പേജർ ഇപ്പോഴും പ്രിയം.
പൊട്ടിത്തെറിച്ചത് പുതിയ മോഡൽ
ലൊക്കേഷനും നീക്കങ്ങളും മറ്റും ഇസ്രയേൽ കണ്ടുപിടിക്കുമെന്ന ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയുടെ മുന്നറിയിപ്പിനെ തുടർന്ന് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഒഴിവാക്കി കുറഞ്ഞ സാങ്കേതികവിദ്യയുള്ള പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്. പൊട്ടിത്തെറിച്ച പേജറുകൾ സമീപ മാസങ്ങളിൽ ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ പുതിയ മോഡലാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനത്തിന്റെ വ്യാപ്തി
താരതമ്യേന ചെറിയ സ്ഫോടനങ്ങളാണ് ഉണ്ടായത്. പേജർ ഉപയോഗിക്കുന്ന വ്യക്തിക്കോ അതിനടുത്തായി നിന്നിരുന്ന വ്യക്തിക്കോ മാത്രമാണു മരണം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്തത്. വിരലുകൾക്കും പേജർ സൂക്ഷിച്ചിരുന്ന ഭാഗത്തും മറ്റുമാണു പലർക്കും പരുക്കേറ്റത്. പേജറിലെ സന്ദേശം വായിച്ചുകൊണ്ടിരുന്നവരുടെ മുഖത്തും പരുക്കേറ്റു. സ്ഫോടനങ്ങൾ വലിയ നാശനഷ്ടങ്ങൾക്കോ തീപിടിത്തത്തിനോ കാരണമായിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ.
സ്ഫോടനകാരണം
സ്ഫോടനങ്ങളുടെ കാരണം കണ്ടെത്താൻ സുരക്ഷാ, ശാസ്ത്രീയ അന്വേഷണം ആരംഭിച്ചെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ബാറ്ററികൾ പൊട്ടിത്തെറിച്ചതും അമിത ചൂടും സ്ഫോടന കാരണമായി വിലയിരുത്തലുകളുണ്ട്. എന്നാൽ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകളുടെ ബാറ്ററി ചൂടുപിടിച്ചു പൊട്ടിത്തെറിക്കുന്ന രീതിയിൽ ഇസ്രയേൽ ഹാക്കിങ് നടത്തിയെന്നാണു പ്രധാന ആരോപണം.
ഹിസ്ബുല്ലയുടെ കയ്യിൽ എത്തിക്കുന്നതിന് മുൻപുതന്നെ, വളരെ ചെറിയ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച പേജറുകളെ റേഡിയോ സിഗ്നൽ ഉപയോഗിച്ചു വിദൂരമായി പ്രവർത്തിപ്പിച്ചതാകാനും സാധ്യതയുണ്ട്. ആസൂത്രിത സ്ഫോടനമാണെങ്കിൽ മാസങ്ങൾ മുതൽ രണ്ട് വർഷം വരെ തയാറെടുപ്പ് ആവശ്യമാണെന്നു വിദഗ്ധർ പറയുന്നു.