ലെബനനിൽ അസാധാരണ സ്ഫോടനം, ആയിരക്കണക്കിന് പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു; 9 മരണം
Mail This Article
ജറുസലം ∙ സന്ദേശങ്ങൾ കൈമാറാനായി കൊണ്ടുനടക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കിഴക്കൻ ലബനനിൽ പെൺകുട്ടിയടക്കം 9 പേർ കൊല്ലപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ബെയ്റൂട്ട് അടക്കം വിവിധ സ്ഥലങ്ങളിൽ ഒരേസമയമുണ്ടായ സ്ഫോടനങ്ങളിൽ നൂറുകണക്കിനു ഹിസ്ബുല്ല അംഗങ്ങൾ അടക്കം 2,750 പേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്നു ഹിസ്ബുല്ല ആരോപിച്ചു.
ഹിസ്ബുല്ല നേതാക്കളും ലബനനിലെ ഇറാൻ അംബാസഡർ മോജ്‌തബ അമാനിയും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു. കൈകാലുകളിലും മുഖത്തും പരുക്കേറ്റു ലബനൻ തെരുവുകളിൽ ഹിസ്ബുല്ല പ്രവർത്തകർ വീണുകിടക്കുന്ന വിഡിയോയും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. വിദൂരനിയന്ത്രിത സാങ്കേതികവിദ്യ ഉപയോഗിച്ചെന്നു സംശയിക്കുന്ന ആക്രമണം ഹിസ്ബുല്ല സമീപകാലത്തു നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ്.
ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ ഹിസ്ബുല്ലയുമായി നിരന്തര സംഘർഷത്തിലാണ് ഇസ്രയേൽ. ഇതുമൂലം അതിർത്തിപ്രദേശങ്ങളിൽനിന്ന് ഒഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ഇസ്രയേലുകാരെ തിരിച്ചെത്തിക്കാനുള്ള പുതിയ ലക്ഷ്യം കൂടി യുദ്ധത്തിനുണ്ടെന്ന സുരക്ഷാ കാബിനറ്റ് തീരുമാനത്തിനു പിന്നാലെയാണു പേജർ സ്ഫോടനങ്ങൾ.
ഹിസ്ബുല്ല പ്രവർത്തകർ തമ്മിലുള്ള ആശയവിനിമയത്തിനു പുറമേ ഹിസ്ബുല്ലയുടെ ആശുപത്രികൾ അടക്കമുള്ള സ്ഥാപനങ്ങളിലും പേജർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പുതിയ പേജർ ലഭിച്ച എല്ലാ പ്രവർത്തകരോടും അത് ഉപേക്ഷിക്കാൻ ഹിസ്ബുല്ല നിർദേശം നൽകി. ലബനനിലെ യുഎൻ സന്നദ്ധസേനാംഗങ്ങളോടും വയർലെസ് സെറ്റുകളിലെ ബാറ്ററി നീക്കം ചെയ്യാൻ അധികൃതർ നിർദേശിച്ചു.
ലെബനനിലെ പേജർ ആക്രമണത്തിൽ തിരിച്ചടിക്കുമെന്നും ഇസ്രയേൽ ചെയ്തതിനുള്ള ശിക്ഷ അനുഭവിക്കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി. സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സുരക്ഷ ശക്തമാക്കിയെന്നും ഇസ്രയേൽ അറിയിച്ചു. സംഭവത്തിൽ യുഎസിന് പങ്കില്ലെന്ന് പെന്റഗൺ പ്രതികരിച്ചു.