ADVERTISEMENT

കൊല്ലം ∙ മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങളും ദൃശ്യങ്ങളും പുറത്ത്. മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസിലെ പ്രതി അജ്മലിനെ പിടികൂടാന്‍ നാട്ടുകാർ ശ്രമിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കാറിന്‍റെ ബംപര്‍ ഇളക്കിയെടുത്ത് അജ്മലിനെ നാട്ടുകാര്‍ തല്ലാനോങ്ങുന്നതു ‘മനോരമ ന്യൂസ്’ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. അജ്മലിനൊപ്പം ഡോ.ശ്രീക്കുട്ടിയും കാറില്‍നിന്ന് ഇറങ്ങിയോടി. അപകടത്തിനുശേഷം പ്രതികൾ 6 കിലോമീറ്റർ കാറോടിച്ചു കരുനാഗപ്പള്ളിയില്‍ നിര്‍ത്തിയപ്പോഴാണു നാട്ടുകാര്‍ വളഞ്ഞത്. നാട്ടുകാരുടെ പിടിയിൽനിന്ന് കടന്ന അജ്മല്‍ ഒരു വീടിന്‍റെ പിന്നിലൂടെ ഓടിപ്പോവുകയായിരുന്നു. ശ്രീക്കുട്ടിയെ ഉടനെ കസ്റ്റഡിയിലെടുത്തു. അജ്മലിനെ പിറ്റേന്നാണു പിടികൂടിയത്.

നാട്ടുകാർ തല്ലിയപ്പോൾ അജ്‌മൽ തിരിച്ചുതല്ലുന്ന വിഡിയോയും പുറത്തുവന്നു. അജ്മൽ രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടിക്കയറിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വീട്ടുടമസ്ഥൻ പ്രദീപ് പറഞ്ഞു. തടഞ്ഞ ഭാര്യയെയും അമ്മയെയും അജ്മൽ തള്ളിമാറ്റി. കിടപ്പുമുറിയിൽ കയറി അട്ടഹസിച്ചു. വീടിന്‍റെ ശുചിമുറിയിൽ ഒളിക്കാൻ ശ്രമിച്ചു. അടുക്കളയിൽ ഒളിച്ച പ്രതി ശ്രീക്കുട്ടിയെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നെന്നും പ്രദീപ് വെളിപ്പെടുത്തി.

അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി പൊലീസിനോടു സമ്മതിച്ചിരുന്നു.ഇരുവരും രാസലഹരി ഉപയോഗിച്ചിരുന്നതായി സംശയമുയർന്നതിനെ തുടർന്ന്, സ്ഥിരീകരിക്കാനായി രക്ത, മൂത്ര സാംപിളുകള്‍ പരിശോധിക്കും. അജ്മലും ശ്രീക്കുട്ടിയും തമ്മിലുള്ള പണമിടപാടുകൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. തന്‍റെ ആഭരണങ്ങള്‍ അജ്മൽ കൈവശപ്പെടുത്തിയെന്നു ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

∙ ‘വഴിനീളെ മദ്യപാനം’

അജ്‌മലും ശ്രീക്കുട്ടിയും കാർ യാത്രയിലുടനീളം മദ്യപിച്ചിരുന്നതായി പൊലീസ്. സുഹൃത്തിന്റെ വീട്ടിലെ മദ്യസൽക്കാരത്തിനു ശേഷം വൈകിട്ടോടെയാണ് അജ്‌മലിന്റെ നാടായ വെളുത്തമണലിലേക്കു യാത്ര തിരിച്ചത്. ഒന്നിലേറെ സ്ഥലങ്ങളിൽ ഇരുവരും കാറിലിരുന്ന് മദ്യപിച്ചു. സോമവിലാസം ചന്തമുക്കിലെ റോഡരികിൽ കാർ നിർത്തി ശ്രീക്കുട്ടിക്ക് ഗ്ലാസിൽ അജ്‌മൽ മദ്യമൊഴിക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതായാണു വിവരം.

ലഹരിയിലായിരുന്ന അജ്‌മലിനോടു വീണുകിടക്കുന്ന യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അവിടെനിന്നു രക്ഷപ്പെടാൻ ശ്രീക്കുട്ടി നിർബന്ധിച്ചെന്നാണു നിഗമനം. ചന്ദനക്കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അജ്മൽ. ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് നരഹത്യാക്കുറ്റമാണു ചുമത്തിയത്.

∙ ‘ശ്രീക്കുട്ടി ലഹരിക്ക് അടിമ?’

കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു നെയ്യാറ്റിൻകര സ്വദേശിനി ശ്രീക്കുട്ടി. അപകടക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഇവരെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്നും നെയ്യാറ്റിന്‍കര തൊഴുക്കലിലെ വീട്ടിൽ ദുര്‍മന്ത്രവാദവും തുള്ളലും നടക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു.

നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശി ഷാജിയാണു ശ്രീക്കുട്ടിയുടെ അച്ഛന്‍. വീട്ടിലെ കാര്‍ ഡ്രൈവറും കുതിര ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി 18–ാം വയസ്സിൽ ചെന്നൈയിലേക്കു നാടുവിട്ടെന്ന് അഭ്യൂഹമുള്ളതായി ചില നാട്ടുകാർ പറയുന്നുണ്ട്. പിന്നീട് തിരിച്ചെത്തിയ ശേഷം കോയമ്പത്തൂരില്‍ പോയി എംബിബിഎസ് പഠിച്ചു. ഇക്കാലത്തിനിടെ വിവാഹിതയായെങ്കിലും വേര്‍പിരിഞ്ഞു. ഇതിനു ശേഷമാണു കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കു ചേർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com