ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തിറങ്ങി. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി ജയിൽ മോചിതനായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടപടി. എറണാകുളം സബ് ജയിലിൽ നിന്ന് ബന്ധുക്കൾക്കൊപ്പമാണ് സുനി തിരിച്ചത്. കുറുപ്പന്തറയിലുള്ള വാടക വീട്ടിൽ അമ്മയ്‌ക്കൊപ്പം താമസിക്കുമെന്നാണ് വിവരം. കർശനമായ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.

മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, രണ്ട് ആൾജാമ്യം വേണം, ഒരു ലക്ഷംരൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം എന്നിവയാണു ജാമ്യ വ്യവസ്ഥകൾ. ജാമ്യവ്യവസ്ഥയിൽ എന്തൊക്കെ ഉൾപ്പെടുത്താമെന്നു വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം തീരുമാനിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. തുടർന്ന് പൾസർ സുനിയുടെ അഭിഭാഷകൻ‍ സുപ്രീം കോടതി ഉത്തരവ് ഇന്നലെ വിചാരണ കോടതിയിൽ സമർപ്പിച്ചു.

2017 ഫെബ്രുവരി 17നാണു നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന നടിയുടെ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ച് നിർത്തുകയും പൾസർ സുനിയും സംഘവും കാറിനുള്ളിൽ കയറി നടിയെ ‌ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ മാർട്ടിൻ ആന്റണിയെ അന്നുതന്നെ അറസ്റ്റ് ചെയ്തു. പൾസർ സുനിയും സുഹൃത്തായ വിജീഷും സംഭവത്തിനുശേഷം ഒളിവിൽ പോയി.

ഒരാഴ്ചയ്ക്കു ശേഷം പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയപ്പോൾ പൊലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മാർച്ച് 10ന് സുനിയെയും വിജീഷിനെയും റിമാൻഡ് ചെയ്തു. ഇടയ്ക്ക് പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി ഏതാനും മണിക്കൂറുകൾ ഇളവ് അനുവദിച്ചത് ഒഴിച്ചാൽ അന്നു മുതൽ പൾസർ സുനി ജയിലിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com