നടിയെ ആക്രമിച്ച കേസ്: ഏഴര വർഷത്തിനുശേഷം പൾസർ സുനി ജയിലിന് പുറത്തേക്ക് ?
Mail This Article
കൊച്ചി ∙ ‘‘ഈ കേസിനു പിന്നിൽ വമ്പൻ സ്രാവുകളുണ്ട്’’- 2017 ജൂലൈയിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ, നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. ഇതുകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടൻ ദിലീപ് അറസ്റ്റിലായി. പൾസർ സുനി ഏഴര വർഷത്തിനു ശേഷം ആദ്യമായി ജയിലിൽ നിന്നിറങ്ങുമ്പോൾ എന്തു സംഭവിക്കും എന്ന ഉദ്വേഗമാണ് ബാക്കി.
വിചാരണക്കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ള സാഹചര്യത്തിൽ നാളെയോ തിങ്കളാഴ്ചയോ ഇക്കാര്യത്തിൽ തീരുമാനമായേക്കാം. വിചാരണ പൂർത്തിയാകുന്നതുവരെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോടടക്കം സംസാരിക്കുന്നതിൽനിന്നു വിലക്കാന്‍ സാധ്യതയുണ്ട്. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലും കോട്ടയത്തെ ഒരു മോഷണക്കേസിലും പൾസർ സുനിക്ക് ജാമ്യം ലഭിക്കേണ്ടതുണ്ട്.
2017 ഫെബ്രുവരി 17നാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന നടിയുടെ കാറിൽ അങ്കമാലി അത്താണിക്കു സമീപം വച്ച് മറ്റൊരു വാഹനം ഇടിപ്പിച്ചു. തുടർന്ന് കാറിൽ അതിക്രമിച്ചു കയറിയ പൾസർ സുനിയും സംഘവും നടിയെ ഉപദ്രവിച്ചെന്നാണ് കേസ്. നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ മാർട്ടിൻ ആന്റണിയെ സംഭവമുണ്ടായ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തു. ഒളിവിൽ പോയ പൾസർ സുനിയേയും സുഹൃത്ത് വിജീഷിനേയും ഒരാഴ്ച കഴിഞ്ഞാണ് അറസ്റ്റു ചെയ്തത്. മാർച്ച് 10ന് ഇരുവരെയും റിമാൻഡ് ചെയ്തു. പിതാവിന്റെ മരണാനന്തര ചടങ്ങുകൾ ചെയ്യാൻ ഏതാനും മണിക്കൂറുകൾ പുറത്തിറങ്ങിയത് ഒഴിച്ചാൽ അന്നു മുതൽ പൾസർ സുനി ജയിലിലാണ്.
പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർലി തോമസ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികൾ. നടൻ ദിലീപ് എട്ടാം പ്രതിയാണ്. 2017 ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. ഈ കേസിൽ ജാമ്യം ലഭിച്ച് ഇനി പുറത്തിറങ്ങാനുള്ളത് പള്‍സർ സുനി മാത്രമാണ്.