നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീം കോടതി, സർക്കാരിന് രൂക്ഷവിമർശനം
Mail This Article
ന്യൂഡൽഹി ∙ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു (എൻ.എസ്.സുനിൽ) ജാമ്യം. വിചാരണ വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നു പറഞ്ഞ് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
സുനിക്കു ജാമ്യം നൽകുന്നതിനെ കേരള സർക്കാർ ശക്തമായി എതിർത്തെങ്കിലും ഏഴര വർഷം പിന്നിട്ടിട്ടും വിചാരണയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ജാമ്യവ്യവസ്ഥകൾ തീരുമാനിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ സുനിയെ വിചാരണകോടതി മുൻപാകെ ഹാജരാക്കാനും ബെഞ്ച് നിർദേശിച്ചു. ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുമ്പോൾ സംസ്ഥാന സർക്കാരിനു വിചാരണ കോടതി മുൻപാകെ വാദം ഉന്നയിക്കാവുന്നതാണെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, എ.ജി.മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കേസിലെ സാക്ഷികളുടെ എണ്ണം ഉൾപ്പെടെയുള്ള സാഹചര്യം ചൂണ്ടിക്കാട്ടി വിചാരണ നീണ്ടുപോകാമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു എം.പൗലോസിനെ കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ അഭിഭാഷകൻ തുടർച്ചയായി ക്രോസ് വിസ്താരം നടത്തുന്നതിനെക്കുറിച്ചും കോടതി പരാമർശിച്ചു. ക്രോസ് വിസ്താരം ഇങ്ങനെയാണെങ്കിൽ വിചാരണ എത്രത്തോളം നീണ്ടുപോകും? എന്തുതരം വിചാരണയാണ് കേസിൽ നടക്കുന്നത്? ബൈജു പൗലോസിനെ ദിലീപിന്റെ അഭിഭാഷകൻ നടത്തുന്ന ക്രോസ് വിസ്താരം 1800–ൽ പരം പേജുകളിലേക്ക് നീണ്ടതായും കോടതി ചൂണ്ടിക്കാട്ടി.
‘‘പൾസർ സുനി ഏഴര വർഷമായി ജയിലിൽ തുടരുന്നു. മറ്റെല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. വിചാരണ മുന്നോട്ടുപോകുന്ന രീതിയും കോടതിക്കു ബോധ്യപ്പെട്ടു. സാക്ഷിമൊഴി 1800–ൽ പരം പേജുകളുണ്ട്. 268 പ്രോസിക്യൂഷൻ സാക്ഷികളെ പരിശോധിക്കാനുണ്ട്. 9 പ്രതികളുടെ മൊഴിയും രേഖപ്പെടുത്താനുണ്ട്. കാര്യമായ സമയമെടുക്കാം. ഇതെല്ലാം തന്നെ ജാമ്യം അനുവദിക്കുന്നതിനുള്ള കാരണങ്ങളാണ്’’– സുപ്രീം കോടതി നിരീക്ഷിച്ചു.
തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിനു പൾസർ സുനിക്കു പിഴയിട്ട ഹൈക്കോടതി നടപടിയിൽ സുപ്രീം കോടതി ഇടപെട്ടില്ല. 10 തവണയാണു സുനി ജാമ്യാപേക്ഷ നൽകിയിരുന്നത്. 25,000 രൂപ നിയമസഹായ അതോറിറ്റിക്കു പിഴയൊടുക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ശ്രീറാം പറക്കാട്ട് വഴി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷിപരിശോധനയുടേത് ഉൾപ്പെടെ വിശദാംശങ്ങൾ കോടതി തേടിയിരുന്നു.
പൾസർ സുനിക്കു ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നു സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടി. ഇതെല്ലാം തള്ളിയാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2017 ഫെബ്രുവരിയിലാണു കൊച്ചിയിൽ നടി കാറിൽ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.