‘വണ്ടി എടുക്കല്ലേ’ എന്ന നിലവിളികൾ കേൾക്കാതെ...; തീരാവേദനയിലേക്ക് വഴിമാറിയ ആഘോഷനാൾ
Mail This Article
ശാസ്താംകോട്ട ∙ മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരമായ വാഹനാപകടം കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിലാണ് ആനൂർക്കാവ് നിവാസികൾ. തിരുവോണത്തിന്റെയും നബിദിനത്തിന്റെയും ആഘോഷവേള പൊടുന്നനെ വേദനയ്ക്കു വഴിമാറി. സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട ശേഷം പുറത്തിറങ്ങാനോ രക്ഷപ്പെടുത്താനോ ശ്രമിക്കാതെയാണു കാറുമായി പ്രതികൾ കടന്നത്. മുൻവശത്തെ ചക്രത്തിൽ തലമുടി കുരുങ്ങിയ നിലയിൽ കിടന്ന കുഞ്ഞുമോളുടെ ശരീരം കൊരുത്തു വലിച്ചു പിറകിലേക്ക് എടുത്ത ശേഷം വീണ്ടും കാർ കയറ്റിയിറക്കിയതു ഞെട്ടലോടെയാണ് ആനൂർക്കാവിലെ വ്യാപാരി വിന്ധ്യ ഓർക്കുന്നത്.
-
Also Read
റോഡപകടം: തിരുവോണനാളിൽ മരിച്ചത് 16 പേർ
വണ്ടി എടുക്കല്ലേയെന്നു ഞങ്ങൾ പറയുന്നതു കാറിൽ ഉണ്ടായിരുന്നവർ കേട്ടിരുന്നെങ്കിൽ ചേച്ചിയെ ജീവനോടെ കിട്ടുമായിരുന്നു– വിന്ധ്യ പറഞ്ഞു. ആളുകൾ ഓടിക്കൂടുന്നതു കണ്ടു പരിഭ്രാന്തരായതോടെ അജ്മലിന്റെ തോളിൽ തട്ടി കാർ മുന്നോട്ട് എടുത്തു രക്ഷപ്പെടാൻ ശ്രീക്കുട്ടി നിർബന്ധിച്ചതായി പരിസരവാസി സഞ്ജയ് പറഞ്ഞു.
വാരിയെല്ലുകൾ നുറുങ്ങി ശ്വാസകോശം തകർന്നാണു കുഞ്ഞുമോളുടെ ജീവൻ നഷ്ടമായത്. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങും തുടർന്നുള്ള അപകടവും ജീവനായി പിടയുന്ന ശരീരത്തിലൂടെ വീണ്ടും കാർ കയറ്റിയിറക്കിയ ക്രൂരതയുമാണു നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
ക്രൂരതയിൽ പൊലിഞ്ഞു; ആ അതിജീവനം
ശാസ്താംകോട്ട ∙ അർബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളുടെ പോരാട്ടമാണു നിരത്തിലെ ക്രൂരതയിൽ പൊലിഞ്ഞത്. ഏറെനാളായി തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിൽ അതിജീവനത്തിന്റെ പാതയിലായിരുന്നു കുഞ്ഞുമോൾ. എഫ്സിഐ ഗോഡൗണിലെ കരാർ ജീവനക്കാരനായിരുന്ന ഭർത്താവ് നൗഷാദിനൊപ്പം വീടിനു സമീപം ചെറിയൊരു കട തുടങ്ങിയിരുന്നു.
വീട്ടിൽ പായസം തയാറാക്കി പ്രിയപ്പെട്ടവർക്കു നൽകിയെങ്കിലും തികഞ്ഞില്ല. വീണ്ടും തയാറാക്കി ബാക്കിയുള്ളവർക്കു നൽകാൻ വൈകിട്ട് ആനൂർക്കാവിലെ കടയിലേക്കു പോയതായിരുന്നു. സാധനങ്ങൾ വാങ്ങി ഇറങ്ങിയപ്പോഴേക്കും സഹോദരന്റെ ഭാര്യ സ്കൂട്ടറിൽ വിളിക്കാനെത്തി. പക്ഷേ ആ യാത്ര വീട്ടിലെത്തിയില്ല.
എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന കുഞ്ഞുമോളെപ്പറ്റിയുള്ള ഓർമകളുമായി ഒട്ടേറെ പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണു സംസ്കരിച്ചത്.
ലഹരിയിൽ മതിമറന്ന് യാത്ര
ശാസ്താംകോട്ട ∙ ലഹരിയിൽ മുങ്ങിയ ആഘോഷയാത്ര പ്രതികൾ അവസാനിപ്പിച്ചതു റോഡിനെ കുരുതിക്കളമാക്കിയാണ്. ഓണാഘോഷത്തിനായി മൈനാഗപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പ്രതികൾ. സദ്യയ്ക്കു ശേഷം സമീപത്തെ മൈതാനത്ത് എത്തിയ ഇവർ സെൽഫി എടുത്തും സന്തോഷം പങ്കിട്ടും കാറിലിരുന്നു മദ്യപിച്ചും സമയം ചെലവിട്ട ശേഷമാണു മടങ്ങിയത്. തിരിച്ചുള്ള യാത്രയിലാണ് അപകടം.
അപകടത്തിനു ശേഷം പിന്നാലെയെത്തിയ നാട്ടുകാർക്കു പിടികൊടുക്കാതെ ഇടറോഡുകളിലൂടെ 8 കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ കരുനാഗപ്പള്ളി കോടതിക്കു സമീപമെത്തിയത്. ഇതിനിടെ ചില വാഹനങ്ങളിൽ തട്ടിയും മതിൽ തകർത്തും യാത്ര തുടരുകയായിരുന്നു. കാർ ഓടിച്ച മുഹമ്മദ് അജ്മൽ മുൻപും ഒട്ടേറെ കേസുകളിലെ പ്രതിയാണ്. പള്ളിയിൽനിന്നു ചന്ദനം കടത്തിയ സംഭവത്തിൽ അടക്കം 7 കേസുകളാണ് അജ്മലിന്റെ പേരിലുള്ളത്. മാസങ്ങൾക്കുമുൻപ് ആശുപത്രിയിൽ വച്ചുള്ള പരിചയമാണു സൗഹൃദമായി മാറിയത്. അജ്മലിന്റെ കൂട്ടുകാർ പിന്നീടു ഡോക്ടറുടെയും സുഹൃത്തായി മാറുകയായിരുന്നു.
വിതുമ്പിക്കരഞ്ഞ് ഫൗസിയ
ശാസ്താംകോട്ട ∙ റോഡിന്റെ രണ്ടു വശത്തേക്കും നോക്കിയാണു സ്കൂട്ടർ മുന്നോട്ട് എടുത്തതെന്നും നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചെന്നും സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ സങ്കടത്തോടെ ഓർക്കുന്നു. ആനൂർക്കാവ് ജംക്‌ഷനിൽനിന്നു സഹാദരന്റെ ഭാര്യ കുഞ്ഞുമോളുമായി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഒരുവശത്തേക്കു തെറിച്ചുവീണതിന്റെയും തൊട്ടുമുന്നിൽ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതിന്റെയും ഞെട്ടൽ മാറിയിട്ടില്ല. വീഴ്ചയിൽ കൈകാലുകൾക്കും തലയ്ക്കും പരുക്കേറ്റ ഫൗസിയ കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തി. വിതുമ്പലോടെയാണു ഫൗസിയ സംഭവം വിവരിച്ചത്.കുഞ്ഞുമോളുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിക്കുന്നതു കണ്ടുനിൽക്കാനാകാതെ അവർ പൊട്ടിക്കരഞ്ഞു.