ഗുരുദേവസമാധി ദിനാചരണം ഇന്ന്; ശിവഗിരി മഠത്തിലും ചെമ്പഴന്തിയിലും വിപുലമായ പരിപാടികൾ
Mail This Article
തിരുവനന്തപുരം ∙ ശ്രീനാരായണ ഗുരുവിന്റെ 97-ാമത് മഹാസമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന് നാടെങ്ങും ആചരിക്കും. ശിവഗിരി മഠത്തിലും ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ‘ദുഃഖിക്കാനുള്ളതല്ല ആനന്ദ സ്വരൂപനായ ഗുരുദേവന്റെ അനുഗ്രഹം നേടുന്നതിനു വേണ്ടിയുള്ളതാണ് ഈ ദിനം’ എന്ന സന്ദേശത്തിലൂന്നിയാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ അറിയിച്ചു.
വർക്കല ശിവഗിരി മഠം, നാരായണഗുരുകുലം, ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം, ആലുവ അദ്വൈതാശ്രമം, ശിവഗിരി മഠത്തിന്റെ മറ്റു ബ്രാഞ്ചുകൾ എന്നിവിടങ്ങളിൽ നാമജപം, ഉപവാസം, മഹാസമാധി പ്രാർഥന, അന്നദാനം, പ്രസാദവിതരണം എന്നിവ നടക്കും.
ശിവഗിരിയിൽ ശ്രീനാരായണഗുരുദേവ മഹാസമാധിയിലേക്ക് ഇന്നലെ മുതൽ ഭക്തജനങ്ങളുടെയും വിശ്വാസികളുടെയും ഒഴുക്കാണ്. ഇന്നു രാവിലെ 9ന് മഹാസമാധിയിൽ ജപം, ധ്യാനം, സമൂഹപ്രാർഥന, ശ്രീനാരായണ ദിവ്യസത്സംഗം എന്നിവ നടക്കും. 10 ന് മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ശശി തരൂർ എംപി പ്രഭാഷണം നടത്തും. 12 ന് സ്വാമി സച്ചിദാനന്ദ ‘ഗുരുവിന്റെ മഹാസമാധിയും ഭക്തജനങ്ങളുടെ അനുഷ്ഠാനവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് സന്യാസിമാരുടെ നേതൃത്വത്തിൽ ശാരദാമഠത്തിൽ ശാന്തിഹോമ യജ്ഞം. കലശം വഹിച്ചുകൊണ്ടുള്ള ശാന്തിയാത്ര വൈദിക മഠം, റിക്ഷാമന്ദിരം, ബോധാനന്ദ സ്വാമി സമാധി പീഠം എന്നിവിടങ്ങളിൽ പ്രണാമം അർപ്പിച്ച് മഹാസമാധി സന്നിധിയിലെത്തിച്ചേരും. 3.30 ന് മഹാസമാധി പൂജയിൽ കലശാഭിഷേകം, ഗുരുസ്തവം, ഗുരുഷഡ്കം ദൈവദശകാലാപനം, അഷ്ടോത്തര ശതനാമാവലി, അർച്ചന എന്നിവ നടക്കും. ചിങ്ങം 1 ന് ആരംഭിച്ച ശ്രീനാരായണ മാസാചരണവും ധർമചര്യായജ്ഞവും ബോധാനന്ദ സ്വാമിയുടെ സമാധി ദിനമായ 25ന് പൂർത്തിയാകും.