കവിയൂർ പൊന്നമ്മ ഇനി ഓർമ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു
Mail This Article
കൊച്ചി∙ മലയാളത്തിന്റെ പ്രിയ നടി കവിയൂർ പൊന്നമ്മയ്ക്ക് (80) വിട നൽകി നാട്. ആലുവയിലെ വീട്ടിലെ പൊതുദർശനത്തിനു ശേഷം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു. വൈകിട്ട് നാലരയോടെ ആലുവയ്ക്ക് സമീപം കരുമാലൂരിലെ വീട്ടുവളപ്പിലാണു സംസ്കാരം നടന്നത്. രാവിലെ 9 മുതൽ 12 വരെ കളമശേരി ടൗൺഹാളിൽ പൊതുദർശനം നടന്നിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കാൻസർ രോഗ ബാധിതയായിരുന്ന കവിയൂർ പൊന്നമ്മയുടെ അന്ത്യം ഇന്നലെ വൈകിട്ട് 5.30ന് ലിസി ആശുപത്രിയിലായിരുന്നു.
കവിയൂർ പൊന്നമ്മയുടെ വിയോഗം അറിഞ്ഞു മലയാള സിനിമ മേഖലയിലെ ഏറെപ്പേർ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ടുതന്നെ എത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ദിലീപ്, നടിമാരായ മഞ്ജു പിള്ള, ജോമോൾ, സരയൂ, സംവിധായകരായ സിബിമലയിൽ, ബി.ഉണ്ണിക്കൃഷ്ണൻ, നടൻ ചേർത്തല ജയൻ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലിയർപ്പിച്ചു.
കരുമാലൂരിൽ പെരിയാറിന്റെ തീരത്തെ ‘ശ്രീപീഠം’ വീട്ടുവളപ്പിലാണ് സംസ്കാരം. മൂന്നര പതിറ്റാണ്ടു കാലത്തെ ചെന്നൈ ജീവിതത്തിനു ശേഷം ശാന്തമായി ജീവിക്കാനാണു കവിയൂർ പൊന്നമ്മ കരുമാലൂരിൽ പെരിയാറിന്റെ തീരത്തു വീടു നിർമിച്ചത്. പ്രളയസമയത്തു കുറച്ചു ദിവസം മാറി നിന്നതൊഴിച്ചാൽ വിശ്രമജീവിതം പൂർണമായി കരുമാലൂർ പുറപ്പിള്ളിക്കാവിലെ വീട്ടിലായിരുന്നു. കിഴക്കേ കടുങ്ങല്ലൂരിൽ താമസിക്കുന്ന ഇളയ സഹോദരനും കുടുംബവുമാണു വയ്യാതെ വന്ന സമയത്തെല്ലാം ശുശ്രൂഷിച്ചിരുന്നത്.