ADVERTISEMENT

കൊച്ചി∙ ഏഴു പതിറ്റാണ്ട് എറണാകുളത്തിന്റെ തൊഴിലാളിവർഗ പോരാട്ടങ്ങളിലും പൊതുജീവിതത്തിലും നിറഞ്ഞുനിന്ന, വി.എസ്.അച്യുതാനന്ദൻ കഴിഞ്ഞാൽ സിപിഎമ്മിന്റെ ഏറ്റവും തലമുതിർന്ന നേതാവായ എം.എം.ലോറൻസിന്റെ വിടവാങ്ങലും അങ്ങേയറ്റം നാടകീയതയും സംഘർഷവും നിറഞ്ഞതായി. കുടുംബവഴക്കും അതിനു പിന്നിലെ രാഷ്ട്രീയ ആരോപണങ്ങളുമെല്ലാമായി അപ്രതീക്ഷിത സംഭവ വികാസങ്ങൾക്കാണ് തിങ്കളാഴ്ച എറണാകുളം ടൗൺഹാൾ സാക്ഷ്യം വഹിച്ചത്.

തിങ്കളാഴ്ച ഉച്ചവരെ ഇത്തരത്തിൽ സംഭവങ്ങളുണ്ടുകുമെന്ന് യാതൊരു സൂചനകളും ഉണ്ടായിരുന്നില്ല താനും. എന്നാൽ വൈകിട്ട് നാലു മണിയോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് എം.എം.ലോറൻസിന്റെ മരണവാർത്ത പുറത്തു വരുന്നത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു 95കാരനായ തൊഴിലാളിവർഗ നേതാവ്.

വൈകിട്ട് ആശുപത്രിയിൽ ഏതാനും മണിക്കറുകൾ പൊതുദർശനം. ഇതിനിടെയാണ് എം.എം.ലോറൻസിന്റെ ഭൗതികദേഹം മെഡിക്കല്‍ വിദ്യാർഥികൾക്ക് പഠിക്കാനായി വിട്ടുനൽകുമെന്ന തീരുമാനവും പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള ചടങ്ങ് തിങ്കളാഴ്ച നടക്കുമെന്ന വിവരവും പുറത്തു വന്നത്. ഞായറാഴ്ച മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിച്ചു.

എന്നാൽ ഞായറാഴ്ച വൈകിട്ടോടെ ഇളയ മകൾ ആശ ലോറൻസ് പിതാവിന്റെ മൃതദേഹം മെഡിക്കൽ കോളജിനു കൊടുക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു ആശയുടെ വരവ്. സിപിഎമ്മിന്റെ ഗൂ‍ഢാലോചനയാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച അവർ‍ ഇതിനു മതത്തിന്റെ നിറവും കലർത്തി. 

തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ മൃതദേഹം ഗാന്ധിനഗറിലുള്ള മകന്റെ വീട്ടിലെത്തിച്ചു. എട്ടരയോടെ ഏറെക്കാലം എം.എം.ലോറൻസിന്റെ പ്രവർത്തന കേന്ദ്രമായിരുന്ന ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർനം. ഒമ്പതു മണിക്കായിരുന്നു മൃതദേഹം എറണാകുളം ടൗൺഹാളിലേക്ക് കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഒമ്പതേ കാലോടെ ആദരാഞ്ജലി അർപ്പിച്ചു.

സിപിഎം മന്ത്രിമാരും മുതിർന്ന നേതാക്കളും പൗരപ്രമുഖരുമടക്കം ഒട്ടേറെ പേർ ടൗൺഹാളിൽ വന്നു പോയിക്കൊണ്ടിരുന്നു. മകൾ ആശയും ഇതിനിടെ എത്തി ആദരാഞ്ജലി അർപ്പിച്ചു മടങ്ങി. ഉച്ചയോടെ നടൻ മമ്മൂട്ടിയും എത്തി ആദരാഞ്ജലി അർപ്പിച്ചു. പതിയെ ചിത്രങ്ങൾ മാറിത്തുടങ്ങി. പിതാവിന്റെ ഭൗതികദേഹം മെഡിക്കൽ കോളജിനു കൈമാറാൻ പാടില്ലെന്നും വിശ്വാസിയല്ലെങ്കിൽ പോലും സഭാംഗമായിരുന്ന പിതാവിനെ പള്ളിയില്‍ അടക്കണമെന്ന ആവശ്യവുമായി ആശ ഹൈക്കോടതിയെ സമീപിച്ചു.

തന്റെ അനുവാദം വാങ്ങിയിട്ടില്ലെന്നും മൃതദേഹം ആശുപത്രിക്ക് വിട്ടുകൊടുക്കണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഇവരുടെ വാദം. സിപിഎമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് മകനും സ്പെഷൽ ഗവ. പ്ലീഡറുമായ അഡ്വ. എം.എൽ.സജീവനും മൂത്ത മകൾ സുജാത ബോബനും മൃതദേഹം വിട്ടുകൊടുക്കാൻ സമ്മതിച്ചത് എന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ ആശയുമായി കുടുംബത്തിനു യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി അഡ്വ. സജീവനും ഇതിനിടെ രംഗത്തെത്തി.

പിതാവ് തങ്ങളോടും പാർട്ടി പ്രവർത്തകരോട് അടക്കമുള്ളവരോടും പറഞ്ഞത് അനുസരിച്ചാണ് മൃതദേഹം വൈദ്യപഠനത്തിനു വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. പിതാവിന്റെ ആത്മകഥ പ്രസിദ്ധപ്പെടുത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചയാളാണ് ആശയെന്നും അന്ന് ബിജെപി ബന്ധമുള്ള ഒരു അഭിഭാഷകനാണ് അവർക്കു വേണ്ടി ഹാജരായതെന്നും അദ്ദേഹം പറഞ്ഞു. ആശയെക്കൊണ്ട് ആർഎസ്എസും ബിജെപിയുമാണ് ഇതൊക്കെ ചെയ്യിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

ഉച്ചകഴിഞ്ഞ് 3 മണിയോടെ ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ച് കേസ് പരിഗണിച്ചു. കേസിന്റെ മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും നിയമവശങ്ങൾ പരിശോധിക്കാമെന്നും വ്യക്തമാക്കിയ കോടതി കേരള അനാട്ടമി ആക്ട് പ്രകാരം മെഡിക്കൽ കോളജ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനും നിർദേശിച്ചു. അതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനും നിർദേശിച്ചു. അഡ്വ. സജീവൻ നേരത്തെ സൂചിപ്പിച്ച ബിജെപി ബന്ധമുള്ള അഭിഭാഷകൻ തന്നെയാണ് ആശയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. 

വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം മെഡിക്കൽ കോളജിനു കൈമാറാൻ തീരുമാനിച്ചത്. മൂന്നരയോടെ എം.എം.ലോറൻസിനുള്ള ഔദ്യോഗിക ബഹുമതി അർപ്പിച്ചു. ആശുപത്രി അധികൃതരും സ്ഥലത്തെത്തി. ഇതിനിടെ, ആശയും അവരുടെ മകൻ മിലനും ആദരാഞ്ജലി അർപ്പിക്കാനെത്തി. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അന്ന് 15 വയസ്സു മാത്രമുണ്ടായിരുന്ന മിലൻ ബിജെപി പരിപാടിയിൽ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു.

എം.എം.ലോറൻസിന്റെ കൊച്ചുമകൻ ബിജെപി വേദിയിൽ എന്നായിരുന്നു അന്ന് ഉയർന്ന ചർച്ചകൾ. എന്നാൽ എം.എം.ലോറൻസ് ഇതിനെ പൂർണമായി തള്ളിപ്പറയുകയും ചെയ്തിരുന്നു. മുൻപ് ലോറൻസ് ചികിത്സയിലായിരുന്നപ്പോൾ സിപിഎം പ്രവർത്തകരായിരുന്നു അദ്ദേഹത്തിന് സഹായത്തിന് ഉണ്ടായിരുന്നത്. അന്ന് ആശുപത്രിയിൽ വന്ന് പിതാവിനെ കണ്ട ആശ, സിപിഎമ്മിനെതിരെ രംഗത്തു വന്നിരുന്നു. എന്നാൽ മകൾ തെറ്റിദ്ധരിപ്പിക്കുകയാണന്നും പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞതൊന്നും ശരിയല്ലെന്ന് ലോറൻസും വ്യക്തമാക്കി. 

ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് നടന്ന സംഭവവികാസങ്ങൾ അരങ്ങേറിയതും. ഔദ്യോഗിക ബഹുമതി നൽകുന്ന ചടങ്ങുകൾ കഴിഞ്ഞതോടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുന്നോടിയായി പാർട്ടി പ്രവർത്തർ മുദ്രാവാക്യം വിളിച്ചു തുടങ്ങി. റെഡ് വോളണ്ടിയർമാർ നിരന്നു. ഇതിനകം മൃതദേഹത്തിനു സമീപം മകനൊപ്പം നിലയുറപ്പിച്ചിരുന്ന ആശ ഇതോടെ പിതാവിന്റെ ഭൗതികദേഹം വിട്ടുതരില്ലെന്ന് പറഞ്ഞു കൊണ്ട് അതിലേക്ക് ചാഞ്ഞു കിടന്നു.

സിപിഎം വനിതാ വോളണ്ടിയർമാർ അടക്കമുള്ളവർ മുദ്രാവാക്യം വിളികളുമായി ചുറ്റും നിരന്നു. സിപിഎം മൂർദാബാദ് വിളികളുമായി ആശയും ഇവരോട് തർക്കിച്ചു. ഈ സമയത്ത് ലോറൻസിന്റെ മറ്റൊരു മകളായ സുജാതയും ഭർത്താവ് ബോബനും മറ്റു ബന്ധുക്കളും മറുവശത്തുണ്ടായിരുന്നു. ചടങ്ങുകൾ നിയന്ത്രിച്ചിരുന്നവർ ഇവരെ മറുവശത്തേക്ക് ക്ഷണിച്ചു. ബന്ധുക്കൾ മറുവശത്തേക്ക് എത്തിയതോടെ ചെറിയ തോതിലുള്ള ഉന്തും തള്ളും ആരംഭിച്ചു. ബന്ധുക്കളിലൊരാൾ ആശയുടെ മകനെ തള്ളി പുറത്തേക്ക് മാറ്റി.

മറ്റൊരു ബന്ധു സംഘർഷമൊഴിവാക്കാൻ ആശയുടെ മകനെ പൂണ്ടടക്കം പിടിച്ചു. മൃതദേഹത്തിനു മുകളിൽ കിടന്ന ആശയെ ചേച്ചി സുജാത അവിടെ നിന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഈ സമയത്ത് വനിതാ പൊലീസും രംഗത്തെത്തി. അപ്പോഴേക്കും ആശ നിലത്തു വീണിരുന്നു. ആശയെ ബന്ധുക്കൾ തന്നെ പിടിച്ചെഴുന്നൽപ്പിച്ചു. മൃതദേഹം വച്ചിരിക്കുന്നതിന്റെ ഒരു ഭാഗത്ത് സംഘർഷം നടക്കുമ്പോൾ റെ‍ഡ് വോളണ്ടിയർമാർ മൃതദേഹം ഉയർത്തി ഹാളിനു പുറത്തേക്ക് കൊണ്ടുവന്ന് ആംബുലൻസിൽ കയറ്റി. നാലരയോടെ മൃതദേഹം കളമശേരിയിലുള്ള മെഡിക്കൽ കോളജിലെത്തിച്ചു.

തന്നെയും മകനെയും സിപിഎം പ്രവർത്തകർ ചവിട്ടി താഴെയിട്ടെന്ന് ആശ പിന്നാലെ ആരോപിച്ചു. മൃതദേഹം വിട്ടുതരില്ലെന്ന് നേരത്തെ തന്നെ പാർട്ടിയെ അറിയിച്ചിരുന്നതാണെന്നും അവർ പറഞ്ഞു. എന്നാൽ സംസ്കാരത്തിന്റെ കാര്യത്തിൽ പാർട്ടിക്ക് യാതൊരു നിർബന്ധബുദ്ധിയുമില്ലെന്നും കുടുംബമാണ് അക്കാര്യം തീരുമാനിക്കേണ്ടത് എന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ വ്യക്തമാക്കി. ജീവിച്ചിരുന്നപ്പോൾ‍ എം.എം.ലോറൻസിന്റെ ചികിത്സയടക്കം നോക്കിയത് സിപിഎമ്മാണ്.

അന്ന് ഈ അവകാശം പറഞ്ഞുവന്ന ആരേയും കണ്ടില്ല. മൃതദേഹം ആശുപത്രിക്ക് കൈമാറുന്ന കാര്യം തീരുമാനിച്ചതും മതാചാര പ്രകാരമുള്ള ചടങ്ങുകൾ വേണോ തുടങ്ങിയ കാര്യങ്ങളും തീരുമാനിച്ചതും കുടുംബമാണ്. അവർ പാർട്ടിയെ അറിയിച്ചു. അതല്ലാതെ ഇക്കാര്യത്തിൽ പാർട്ടിക്ക് യാതൊരു കടുംപിടുത്തവുമില്ല. മൃതദേഹം കൊണ്ടു പോകുന്നത് തടഞ്ഞവരെ പിടിച്ചു മാറ്റിയത് ബന്ധുക്കളാണ്. പാർട്ടി അതിൽ ഇടപെട്ടിട്ടില്ല എന്നും മോഹനൻ വ്യക്തമാക്കി. 

എം.എം.ലോറൻസിന്റെ മൃതദേഹം ഇപ്പോൾ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അടക്കമുള്ളവർ ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. മക്കളായ സജീവനും സുജാതയും പിതാവിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് നൽകാൻ സന്നദ്ധമാണെന്ന സത്യവാങ്മൂലവും ആശ മതാചാര പ്രകാരം പള്ളിയിൽ സംസ്കരിക്കണമെന്ന സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. എം.എം.ലോറൻസിന്റെ മൃതശരീരം സംബന്ധിച്ച തർക്കം എങ്ങനെ അവസാനിക്കും എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.

English Summary:

Dispute over dead body of cpm leader mm Lawrence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com