മാനവികതയുടെ വിജയം കൂട്ടായ ശക്തിയില്‍; ഭീകരവാദം ലോകസമാധാനത്തിന് ഭീഷണി: യുഎന്നിൽ മോദി
Mail This Article
ന്യൂയോർക്ക്∙ സുസ്ഥിര വികസനത്തിനായി മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന് ലോകരാജ്യങ്ങൾ മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സംഘടനയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തുള്ള മനുഷ്യരാശിയുടെ ആറിലൊന്നിന്റെ ശബ്ദം കൊണ്ടുവരാൻ താൻ ഇവിടെയുണ്ടെന്നും ഇന്ത്യയിലെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തി സുസ്ഥിര വികസനത്തിന്റെ മാതൃക തങ്ങള്‍ വിജയകരമായി ലോകത്തിന് കാണിച്ചുതന്നുവെന്നും മോദി പറഞ്ഞു.
‘‘മനുഷ്യത്വത്തിൻ്റെ വിജയം നമ്മുടെ കൂട്ടായ ശക്തിയിലാണ്, അല്ലാതെ യുദ്ധക്കളത്തിലല്ല. ലോക സമാധാനത്തിനും വികസനത്തിനും ഭീകരവാദം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സൈബറിടം, ബഹിരാകാശം, കടൽ എന്നീ മേഖലകളിൽ പുതിയ ഭീഷണികൾ ഉയർന്നുവരികയാണ്.’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
"സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിന്, മികച്ച നിലയിലുള്ള നിയന്ത്രണം ആവശ്യമാണ്. പരമാധികാരവും അഖണ്ഡതയും നിലനിൽക്കുന്ന അത്തരം രാജ്യാന്തര ഡിജിറ്റൽ ഭരണമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഒരു പാലമാകണം, മറിച്ച് തടസ്സമാകരുത്. ലോക നന്മയ്ക്കായി, ഇന്ത്യ തങ്ങളുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ മാതൃക പങ്കിടാൻ തയാറാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്നത് ഒരു പ്രതിബദ്ധതയാണ്.–”മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.