‘മരിച്ച പെൺകുട്ടിയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ല; ആത്മശക്തി വളർത്തേണ്ടതിനെ കുറിച്ചാണ് പറഞ്ഞത്’
Mail This Article
ചെന്നൈ∙ അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിചിത്ര പ്രതികരണത്തിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മരിച്ച പെൺകുട്ടിയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നാണ് വിശദീകരണം. വിദ്യാർഥികൾ ആത്മശക്തി വളർത്തിയെടുക്കേണ്ടതിനെ കുറിച്ചാണ് സംസാരിച്ചത്. കുട്ടികളെ പിന്തുണയ്ക്കുന്നതിൽ കുടുംബത്തിന്റെ പ്രാധാന്യം എടുത്തു പറയാനാണ് ശ്രമിച്ചത്.
പ്രഭാഷണം നടത്തിയ സ്ഥാപനത്തിൽ വിദ്യാർഥികൾക്കായി ധ്യാനകേന്ദ്രം സ്ഥാപിച്ചിരുന്നു. ഇതു സൂചിപ്പിച്ചായിരുന്നു തന്റെ പരാമർശം. തൊഴിൽ ചൂഷണം സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. പ്രിയങ്ക ചതുർവേദിയുടെ ട്വീറ്റിനു മറുപടിയായാണ് എക്സിലൂടെ കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.
‘‘രണ്ടു ദിവസം മുൻപ് ജോലി സമ്മർദം കാരണം ഒരു പെൺകുട്ടി മരണപ്പെട്ടതായി വാർത്ത കണ്ടു. കോളജുകൾ വിദ്യാർഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ അവർക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മർദങ്ങളെ നേരിടാൻ വിട്ടീൽ നിന്നും പഠിപ്പിച്ചു കൊടുക്കണം. എങ്ങനെ സമ്മർദങ്ങളെ നേരിടണമെന്ന് വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്. സമ്മർദങ്ങളെ നേരിടാൻ ഒരു ഉൾശക്തി ഉണ്ടാകണം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ’’– എന്നായിരുന്നു നിർമല സീതാരാമന്റെ പ്രതികരണം.
കഴിഞ്ഞ ജൂലൈ 20നാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യൻ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് നാലു മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്തിൽ അമ്മ അനിത സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടിയിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോൾ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നു. ഇതിനു ശേഷവും പണിയെടുക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അമ്മ കത്തിൽ പറഞ്ഞു. മരണ ശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്ന് അച്ഛൻ സിബി ജോസഫും പറഞ്ഞിരുന്നു.