വന്ദേഭാരത് കടത്തിവിടാനായി വേണാട് എക്സ്പ്രസ് പിടിച്ചിടാറില്ല: വിശദീകരണവുമായി റെയിൽവേ
Mail This Article
തിരുവനന്തപുരം∙ വന്ദേഭാരത് കടത്തിവിടാനായി വേണാട് എക്സ്പ്രസ് വഴിയിൽ പിടിച്ചിടാറില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. വേണാട് എക്സ്പ്രസിൽ വനിതാ യാത്രക്കാർ തലകറങ്ങി വീണ സംഭവം പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവല്ലയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വനിതയ്ക്കു പ്രാഥമിക ചികിത്സ നൽകിയതായും റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്സ്പ്രസ് കടത്തിവിടാനായി വേണാട് എക്സ്പ്രസ് പിറവം റോഡ് സ്റ്റേഷനിൽ ഇന്നലെ പിടിച്ചിട്ടിരുന്നില്ല. പാലരുവി 7.53നും വന്ദേഭാരത് 8നും വേണാട് രാവിലെ 9.32നുമാണ് പിറവം സ്റ്റേഷൻ കടന്നു പോയത്. വേണാടിലെ തിരക്കു പരിഗണിച്ച് ഓണത്തിനു മുന്നോടിയായി ഒരു അൺ റിസർവ്ഡ് കോച്ച് അധികമായി അനുവദിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു.
എന്നാൽ വനിതാ യാത്രക്കാർ തലകറങ്ങി വീണിരുന്നുവെന്നും അവർക്കു യാത്രക്കാർ ചേർന്നു പ്രഥമ ശുശ്രൂഷ നൽകിയെന്നും യാത്രക്കാർ പറയുന്നു. ഇതിനു മുൻപു സമാനമായ സംഭവങ്ങൾ വേണാടിൽ ഉണ്ടായിട്ടുണ്ടെന്നും യാത്രക്കാർ പറഞ്ഞു.