ADVERTISEMENT

കോട്ടയം∙ ‘‘ആ വണ്ടി പൊന്തിക്കുക. ആ ക്യാബിനിന്റെ ഉള്ളിൽനിന്ന് അവനെ എടുക്ക, ഞമ്മക്ക് ആ വണ്ടീം വേണ്ട, മരോം വേണ്ട. ഒരു സാധാരണക്കാരന് കഴിയുന്നതിന്റെ പരമാവധി ഞാൻ ചെയ്ത്. അവന്റെ വീട്ടുകാർക്ക് ഞാൻ കൊടുത്ത വാക്ക് പാലിക്കുകയാണ്. ഒരാൾ ഒരു കാര്യത്തിന് ഉറപ്പിച്ച് ഇറങ്ങിയാൽ അത് സാധിക്കും. ആരും കൂടെ ഇല്ലെങ്കിലും സാധിക്കും. ആ ലോറി എനിക്ക് വേണ്ട. ഓനെ മതിയായിരുന്നു. ’’ - ഷിരൂർ ഗംഗാവലിപ്പുഴയിൽ ലോറി കണ്ടെത്തിയ ശേഷം വിങ്ങിപ്പൊട്ടിയാണ് ഉടമ മനാഫ് മാധ്യമങ്ങളെ കണ്ടത്.

മനാഫിന്റെ ദൃഢനിശ്ചയത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു, ഒരുഘട്ടത്തിൽ അവസാനിച്ചെന്നു തോന്നിയ തിരച്ചിൽ എഴുപത് ദിവസത്തോളം നീളാൻ കാരണമായതും. ഇതുപോലൊരാൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞു മനാഫ് എന്ന മനുഷ്യന് സ്തുതി പാടുകയാണ് സമൂഹമാധ്യമങ്ങൾ. 

‘‘ഒരു മുതലാളിയും തന്റെ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കാൻ മാസങ്ങൾ ആ ഇടംവിട്ട് മറ്റൊന്നിനും പോകാതെ ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇത്ര പണം മുടക്കിയിട്ടുണ്ടാകില്ല . അധികാരികളുടെ പുറകെ കെഞ്ചി നടന്നിട്ടുണ്ടാകില്ല.’’, ‘‘മണ്ണിനടിയിൽ കിടക്കുന്നത് വിഐപി ആണോയെന്ന് ഒരു സംസ്ഥാനത്തെ ഞെട്ടിച്ച മുതലാളി.’’, ‘‘മനാഫിനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു’’, ‘‘ഇത് വരച്ചുകാണിക്കുന്നത് മുതലാളിക്ക് തൊഴിലാളിയോടുള്ള കടപ്പാട്.’’, ‘‘മനാഫ് എക്കാലവും മാതൃകയായി ഓർമിക്കപ്പെടും. നിശ്ചയദാർഢ്യത്തിന്റെയും സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി.’’... തുടങ്ങി നിരവധി കുറിപ്പുകളാണ് മനാഫിനെ കുറിച്ച് ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

അർജുനെയും ലോറിയെയും കാണാതായതിന് പിറ്റേന്ന് മുതൽ മനാഫ് ഷിരൂരിൽ ഉണ്ട്. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ ദ്രുതപ്പെടുത്തുന്നതും തിരച്ചിൽ അവസാനിപ്പിക്കുമെന്ന ഘട്ടത്തിൽ അധികാരികളുടെ പിറകെ നടന്ന് അന്വേഷണം പുനഃരാരംഭിപ്പിച്ചതുമെല്ലാം മനാഫായിരുന്നു. സ്വാർഥലാഭത്തിനുവേണ്ടിയാണ് മനാഫ് ഇപ്രകാരം ചെയ്യുന്നത് എന്നതുൾപ്പെടെ നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു.

arjun-lorry-found

എന്നാൽ ‘അർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കുകയാണ്. അർജുനെയും കൊണ്ടേ ഞാൻ പോകൂ’ എന്നുപറഞ്ഞ് ആ മനാഫ് വിതുമ്പുമ്പോൾ ബാക്കിയാകുന്നത് ഇനിയും മരിച്ചിട്ടില്ലാത്ത സഹജീവി സ്നേഹത്തിന്റെ നല്ല മാതൃകയാണ്.

English Summary:

Manaf's statement after finding lorry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com