‘ക്രിമിനൽ, കൊടും ക്രിമിനൽ’: അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണമെന്ന് പി.വി.അൻവർ
Mail This Article
മലപ്പുറം∙ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ രൂക്ഷ വിമർശനം തുടർന്ന് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. എഡിജിപിയെ ഡിസ്മിസ് ചെയ്യണമെന്നും അദ്ദേഹം കൊടും ക്രിമിനലാണെന്നും അൻവർ മാധ്യമങ്ങളോടു പറഞ്ഞു. ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് എഡിജിപിക്കെതിരെ രൂക്ഷവിമർശനവുമായി അൻവർ വീണ്ടും രംഗത്തെത്തിയത്.
‘‘ സസ്പെൻഷനല്ല അജിത് കുമാറിനെ ഡിസ്‍മിസ് ചെയ്യണം. ഞാൻ ആദ്യം പറഞ്ഞത് അയാളെ മാറ്റി നിർത്തണം എന്നാണ്. അതിൽനിന്ന് ഒരാഴ്ച മുൻപ് ഞാൻ പുറകോട്ടു പോയി. അയാളെ സസ്പെൻഡ് ചെയ്യണമെന്ന് പറഞ്ഞു. ഇന്നു ഞാൻ പറയുന്നു അയാളെ ഡിസ്മിസ് ചെയ്യണം. ഈ വകുപ്പിൽനിന്ന് അയാളെ താഴെയിറക്കണം. അയാൾ പൊലീസ് ഡിപ്പാർട്ട്മെന്റിന് പറ്റുന്ന ആളല്ല. അത് പ്രപഞ്ച സത്യമാണ്. ജനങ്ങൾക്കറിയാം. ഞാന്‍ പറയേണ്ട കാര്യമില്ല. ക്രിമിനലാണ്, കൊടും ക്രിമിനലാണ്. ഒരു തർക്കവുമില്ല’’–എഡിജിപിക്കെതിരായ അന്വേഷണത്തോട് പി.വി.അൻവർ പ്രതികരിച്ചു.
മാധ്യമങ്ങളിൽ പ്രതികരണം നടത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുൻപ് അൻവറിനോട് അഭ്യർഥിച്ചിരുന്നു. സർക്കാരിനും പാര്‍ട്ടിക്കുമെതിരെ പി.വി.അൻവർ തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയില്ല. അന്‍വര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ ശത്രുക്കള്‍ക്ക് സർക്കാരിനെയും പാർട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചിരുന്നു.