ADVERTISEMENT

ന്യൂഡൽഹി∙ ബെംഗളൂരുവിൽ മുസ്‌ലിം വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച കർണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനോടു വിയോജിച്ച് സുപ്രീം കോടതി. അതേസമയം, ജഡ്ജി വേദവ്യാസചർ ശ്രീശനന്ദ പരസ്യമായി മാപ്പു പറഞ്ഞതിനാൽ അദ്ദേഹത്തിനെതിരെ സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതി തുടർനടപടികൾ വേണ്ടെന്നുവച്ചു.  ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ എസ്. ഖന്ന, ബി.ആർ. ഗവായ്, എസ്. കാന്ത്, എച്ച്. റോയ് എന്നിവരായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്.  

ഇന്ത്യയിലെ ഒരു ഭാഗത്തെയും ‘പാക്കിസ്ഥാൻ’ എന്നു മുദ്രകുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പറഞ്ഞു. ജഡ്ജിമാർ മുൻവിധിയോടെയുള്ള പരാമർശങ്ങൾ ഒഴിവാക്കണം. സ്ത്രീവിരുദ്ധവും ഏതെങ്കിലും വിഭാഗത്തിനെതിരായതുമായ പരാമർശങ്ങൾ ജഡ്ജിമാർ നടത്തരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. 

ജസ്റ്റിസ് വേദവ്യാസചർ ശ്രീശനന്ദ നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അഭിഭാഷകയ്ക്കെതിരെ അദ്ദേഹം മോശം പ്രതികരണം നടത്തിയതും വിമർശിക്കപ്പെട്ടു. ഇതേത്തുടർന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇടപെടുന്നത്. കർണാടക ഹൈക്കോടതി റജിസ്ട്രാറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. തുറന്ന കോടതിയിൽ ജസ്റ്റിസ് വേദവ്യാസചർ ശ്രീശനന്ദ ഖേദം പ്രകടിപ്പിച്ചതിനാൽ തുടർ നടപടികൾ ആവശ്യമില്ലെന്ന് അറ്റോർണി ജനറലും സോളിസിറ്റർ ജനറലും കോടതിയെ അറിയിച്ചു. തുടർന്നാണ് നടപടികൾ വേണ്ടെന്ന തീരുമാനത്തിലേക്ക് ഭരണഘടനാ ബെഞ്ച് എത്തിയത്.

English Summary:

"No Part of India is Pakistan": Supreme Court Rebukes Karnataka Judge's Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com