ADVERTISEMENT

മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽനിന്നു പ്രതീക്ഷിച്ച തോതിൽ ബിജെപിക്ക് വോട്ടു ലഭിച്ചില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ‘‘മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വോട്ടുകൾ മാത്രമേ എൻസിപിയിൽ നിന്നു ബിജെപിക്കു ലഭിച്ചുള്ളൂ. എൻ‌സി‌പിയുടെയും ശിവസേനയുടെയും വോട്ട് അടിത്തറ ഇപ്പോൾ സ്ഥിരത കൈവരിച്ചതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി മെച്ചപ്പെടും.’’– ഫഡ്നാവിസ് പറഞ്ഞു. അതേസമയം സഖ്യകക്ഷികളെ കുറ്റപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

എൻസിപിയുമായുള്ള സഖ്യം തുടക്കത്തിൽ ബിജെപിയുടെ അടിസ്ഥാന വോട്ടർമാർക്ക് അംഗീകരിക്കാൻ സാധിച്ചില്ലെന്നും എന്നാൽ ഇപ്പോൾ 80 ശതമാനം വോട്ടർമാരെയും സഖ്യത്തിന്റെ ആവശ്യം ബോധ്യപ്പെടുത്താൻ സാധിച്ചെന്നും ഫഡ്നാവിസ് പറഞ്ഞു. ‘‘മുൻപ് നടന്ന ഏതാനും ലോക്സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു. സംസ്ഥാനത്ത് ഇത്തവണ ഏറ്റവുമധികം സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. പരാജയപ്പെട്ട 12 സീറ്റുകളിൽ മൂന്നു ശതമാനത്തിൽ താഴെ മാത്രമായിരുന്നു വ്യത്യാസം. എങ്കിലും സംസ്ഥാനത്തെ ആറു പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവുമധികം വോട്ട് ലഭിച്ചത് ബിജെപിക്കാണ്’’– ഫഡ്നാവിസ് പറഞ്ഞു. 

സംസ്ഥാനത്ത് ആകെയുള്ള 48 സീറ്റിൽ 28 ലും മത്സരിച്ച ബിജെപിക്ക് 9 സീറ്റിൽ മാത്രമാണ് ജയിക്കാനായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റുകളിൽ 80 ശതമാനം സീറ്റുകൾ സംബന്ധിച്ച് ശിവസേനയും എൻസിപിയുമായും ചർച്ച പൂർത്തിയായെന്നും ഫഡ്നാവിസ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻഡിഎ പരാജയപ്പെടാനുള്ള ഒരു കാരണം അജിത്തുമായുള്ള സഖ്യമാണെന്ന് ആർഎസ്എസ് മുഖപത്രം ആരോപിച്ചിരുന്നു. അഴിമതിക്കേസുകളിൽ ഉൾപ്പെട്ട അജിത്തിനെ ഉൾപ്പെടുത്തിയതോടെ എൻഡിഎ സഖ്യത്തിന്റെ പ്രചാരണത്തിന്റെ മുനയൊടിഞ്ഞെന്നായിരുന്നു ആർഎസ്എസ് വിലയിരുത്തൽ. പല മണ്ഡലങ്ങളിലും എൻസിപിക്കായി പ്രചാരണം നടത്താൻ ബിജെപി പ്രവർത്തകർ തയാറായിരുന്നില്ല.

English Summary:

Vote transfer from NCP didn't work out as expected in LS polls; admits Fadnavis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com