ADVERTISEMENT

കോഴിക്കോട്∙ ‘‘ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, എന്തു ചെയ്യാൻ അവനെ ദൈവം തന്നില്ല’’–കോർപറേഷൻ ജീവനക്കാരിയായ രജനി പറയുന്നു. ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അർജുനെ കൊണ്ടുവരുന്ന കാര്യം രജനി അറിഞ്ഞത്. അർജുന് ആദരാഞ്ജലി അർപ്പിച്ചശേഷം  ജോലി സ്ഥലത്തേക്ക് പോയാൽ മതിയെന്ന് അതോടെ  തീരുമാനിക്കുകയായിരുന്നു.  ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായി 72–ാം ദിവസം പുഴയിൽനിന്നു വീണ്ടെടുത്ത അർജുന്റെ മൃതദേഹം കാണാൻ നിരവധിപ്പേരാണ് കണ്ണാടിക്കലിലെത്തിയിരിക്കുന്നത്.

‘‘ ജോലിക്കു പോയപ്പോൾ വഴിയരികിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടാണ് ചോദിച്ചത്. അർജുനെ കൊണ്ടുവരുന്നുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്. കണ്ടിട്ടേ വരുന്നുള്ളൂ എന്നു ഭർത്താവിനോട് പറഞ്ഞ് ഇവിടെ നിന്നു. അർജുനെ കിട്ടിയോ എന്നറിയാൻ ഞങ്ങളെല്ലാം ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു. ജീവനോടെ മോനെ കിട്ടാൻ പ്രാർഥിച്ചു. ജോലിക്കിടെ ചായക്കുടിക്കാൻ പോകുമ്പോഴും അർജുനെ കിട്ടിയോ എന്നറിയാൻ ഫോൺ നോക്കും. സുഹൃത്തുക്കളെല്ലാം അർജുന്റെ കാര്യം പറയും. എന്തു ചെയ്യാൻ അവനെ ദൈവം തന്നില്ല. മൃതദേഹം രാത്രി കൊണ്ടുവന്നാലും അറിയിക്കണേ എന്ന് അർജുന്റെ നാട്ടുകാരനോട് പറഞ്ഞിരുന്നു. എത്ര രാത്രിയായാലും വന്നു കാണുമെന്ന് പറഞ്ഞിരുന്നു. അത്രയ്ക്ക് പ്രിയങ്കരനായിരുന്നു അവൻ’’–രജനി പറയുന്നു.

arjun-funeral-280914
അർജുന്റെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോൾ. ചിത്രം: മനോരമ
arjun-funeral-wife-280913
അർജുന്റെ മൃതദേഹത്തിനു സമീപം കണ്ണീരോടെ ഭാര്യ കൃഷ്ണപ്രിയ. ചിത്രം: മനോരമ
arjun-funeral-280913
അർജുന്റെ മൃതദേഹം വീടിനു പുറത്തെ പന്തലിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം: സജീഷ് പി. ശങ്കർ ∙ മനോരമ
arjun-funeral-280912
അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പുറത്തു തടിച്ചുകൂടിയിരിക്കുന്ന ജനം. ചിത്രം∙ മനോരമ
arjun-funeral-280911
അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചപ്പോൾ
arjun-funeral-280914
arjun-funeral-wife-280913
arjun-funeral-280913
arjun-funeral-280912
arjun-funeral-280911

‘‘ എല്ലാവരും ദുഃഖത്തിലാണ്. കണ്ണാടിക്കൽ ആണ് സ്ഥലമെന്നു പറയുമ്പോൾ അർജുന്റെ സ്ഥലമാണോ എന്നാണ് ആളുകൾ ഇപ്പോൾ ചോദിക്കുന്നത്. കുട്ടികൾ പോലും നിരന്തരം അർജുനെക്കുറിച്ച് ചോദിക്കും. കോവിഡ് സമയത്തും പ്രളയ സമയത്തും നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.’’– അർജുന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ നാട്ടുകാർ പറയുന്നു.

ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി രാവിലെ ആറോടെ  മന്ത്രി എ.കെ.ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. അർജുനെ കാണാൻ വിവിധ പ്രദേശങ്ങളിൽനിന്ന് ആളുകൾ കണ്ണാടിക്കലേക്ക് ഒഴുകിയെത്തി. സ്ത്രീകളും കുട്ടികളും ഉൾ‌പ്പെടെയുള്ള ജനക്കൂട്ടം അർജുന്റെ ചിത്രം അടങ്ങിയ ബാഡ്ജ് ധരിച്ച് ആംബുലൻസ് എത്തുന്നതും കാത്തിരുന്നു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് അർജുന്റെ സഹജീവി സ്നേഹത്തെക്കുറിച്ചായിരുന്നു. പ്രളയ സമയത്തെ അർജുന്റെ പ്രവർത്തനങ്ങൾ പലരും ഓർത്തെടുത്തു. അർജുൻ മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർ ഓർമകളിൽ വിങ്ങിപ്പൊട്ടി.

English Summary:

Tears and Tributes as Kozhikode Bids Farewell to Arjun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com