ADVERTISEMENT

മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം സ്ഥാനാർഥികൾക്ക് 10 ശതമാനം സീറ്റുകൾ മാറ്റിവയ്ക്കുമെന്ന് ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ, മുസ്‌ലിംകളുടെ നേതൃത്വത്തിൽ 14 മണ്ഡലങ്ങളിൽ ‘വോട്ടുജിഹാദ്’ നടന്നിട്ടുണ്ടെന്ന ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ വിദ്വേഷ പരാമർശത്തിനു പിന്നാലെയാണ് അജിത്തിന്റെ ന്യൂനപക്ഷ പ്രീണന പ്രഖ്യാപനം.

‘എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഛത്രപതി ഷാഹു മഹാരാജ്, മഹാത്മ ജ്യോതിറാവു ഫുലെ, ബി.ആർ.അംബേദ്കർ എന്നിവരെയെല്ലാം പിന്തുടരുകയും ചെയ്യുന്നു. പ്രത്യേക സമുദായങ്ങളെ മാത്രം ലക്ഷ്യംവച്ച് ചിലർ നടത്തുന്ന പ്രതികരണം സങ്കടകരമാണ്’– അജിത് പവാർ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് ‘ലാഡ്കി ബഹിൻ’ പദ്ധതിയുടെ ഒക്ടോബർ, നവംബർ മാസങ്ങളിലെ 3,000 രൂപ അർഹരായവർക്കു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കേന്ദ്രമന്ത്രി അമിത് ഷായുമായി അജിത് പവാർ വീണ്ടും കൂടിക്കാഴ്ച നടത്തി. മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കൂടിക്കാഴ്ച.

∙ ശരദ് പവാറിനൊപ്പം ചേരാൻ ബിആർഎസ്

തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) മഹാരാഷ്ട്രാ ഘടകം ശരദ് പവാർ വിഭാഗം എൻസിപിയിൽ ലയിക്കാൻ തീരുമാനിച്ചു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസിനു കനത്ത തിരിച്ചടിയേൽക്കുകയും അപകടത്തെത്തുടർന്ന് ചന്ദ്രശേഖർ റാവു കിടപ്പിലാകുകയും ചെയ്തതോടെ മഹാരാഷ്ട്രയിലെ പാർട്ടി പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് ആരുമില്ലാതയതോടെയാണ് ലയിക്കാൻ തീരുമാനിച്ചതെന്ന് ബിആർഎസ് മഹാരാഷ്ട്ര ഘടകം അധ്യക്ഷൻ ബാലാസാഹെബ് ദേശ്മുഖ് വ്യക്തമാക്കി.

‘കർഷകർക്കായി കർഷകരുടെ സർക്കാർ’ എന്ന മുദ്രാവാക്യവുമായാണ് തെലങ്കാനയിൽ നിന്നുള്ള ബിആർഎസ് മഹാരാഷ്ട്രയിൽ പ്രവർത്തനം സജീവമാക്കിയത്. എന്നാൽ, ചന്ദ്രശേഖർ റാവുവിന്റെ സജീവ ഇടപെടൽ ഇല്ലാതായതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ചലനം സൃഷ്ടിക്കാനായില്ല. ആറാം തീയതി പുണെയിലാണ് ലയന സമ്മേളനം. ബിആർഎസിന്റെ വരവ് മറാഠ്‌വാഡ, വിദർഭ മേഖലകളിൽ പവാർ പക്ഷം ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിക്ക് ഉണർവേകും.

English Summary:

BRS Merges with Sharad Pawar's NCP Ahead of Maharashtra Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com