ADVERTISEMENT

കോഴിക്കോട് ∙  സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. എംടിയുടെ വീട്ടിലെ ജോലിക്കാരിയാണ് ശാന്ത. ഇവരുടെ അടുത്ത ബന്ധുവാണ് പ്രകാശൻ. 

അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, രത്നം പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. വീടിന്റെ പൂട്ട് പൊട്ടിക്കുകയോ ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോകുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അലമാര താക്കോൽ ഉപയോഗിച്ചു തുറന്നതു കൊണ്ടു മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാൻ സാധ്യതയില്ലെന്നും പൊലീസ് ഉറപ്പിച്ചിരുന്നു.

കഴിഞ്ഞ ഒരുവർഷത്തിനിടെ പലപ്പോഴായി സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടെങ്കിലും വീട്ടുകാർ ഗൗനിച്ചിരുന്നില്ല. കഴിഞ്ഞ മാസം മുപ്പതിനു എംടിയുടെ മകൾ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വജ്ര മരതക ആഭരണങ്ങളും മോഷണം പോയെന്ന് സ്ഥിരീകരിച്ചത്.

എംടിയുടെ ജന്മനാടായ കൂടല്ലൂർ, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തത്തമംഗലം തുടങ്ങി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. എം.ടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അന്വേഷണ സംഘം ശാന്തയെപറ്റി രഹസ്യാന്വേഷണം നടത്തിയപ്പോഴാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ പലപ്പോഴായി പ്രതികൾ എംടിയുടെ വീട്ടിൽ നടത്തിയ മോഷണത്തിന്റെ ചുരുളഴിഞ്ഞത്. 

ശാന്തയുടെ അടുത്ത ബന്ധുവായ പ്രകാശിനെ കുറിച്ച് പൊലീസ് വിശദമായി അന്വേഷണം നടത്തുകയും തുടർന്ന് കസ്റ്റഡിയിൽ എടുത്ത്  ചോദ്യം ചെയ്യുകയുമായിരുന്നു. പ്രകാശും ശാന്തയും കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ  പലതവണകളായി മോഷ്ടിച്ച സ്വർണം വിറ്റ വിവരം പൊലീസിനോട് സമ്മതിച്ചു. തുടർന്ന് രാവിലെ വീട്ടിൽ നിന്നും ശാന്തയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com