ADVERTISEMENT

ടെഹ്റാൻ∙ ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് ഇസ്രയേൽ തിരിച്ചടി നൽകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ, ഇറാന്റെ ഖുദ്സ് സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി (67) എവിടെയെന്ന ചോദ്യം ഉയരുന്നു. ഇറാനിലെ മാധ്യമങ്ങളിൽ‌ ഇക്കാര്യം ചർച്ചയാണ്. ഇറാൻ സർക്കാർ‌ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ പുറത്തുള്ള ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകുന്നത് ഖുദ്സ് സേനയാണ്. ഇറാഖിലെയും സിറിയയിലെയും സായുധ സംഘങ്ങൾക്കും ലബനനിലെ ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികൾക്കും ഗാസയിലെ ഹമാസിനും പരീശീലനവും ആയുധവും നൽകുന്നത് ഖുദ്സ് സേനയാണ്.

ഇസ്രയേലിന്റെ ലബനനിലെ ആക്രമണത്തിനുശേഷമാണ് ജനറൽ ഖാനിയെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നത്. ഇസ്രയേലി ആക്രമണത്തിൽ ജനറൽ ഖാനി കൊല്ലപ്പെടാനോ പരുക്കേൽക്കാനോ സാധ്യതയുണ്ടെന്ന തരത്തിൽ ചില അറബ് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇറാൻ സൈന്യം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയെ വധിച്ച് രണ്ടു ദിവസത്തിനുശേഷം ടെഹ്റാനിലെ ഹിസ്ബുല്ലയുടെ ഓഫിസിലാണ് ജനറൽ ഖാനി അവസാനം എത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വെള്ളിയാഴ്ച നടത്തിയ പ്രാർഥനയിലും ഖാനി പങ്കെടുത്തില്ല. ഹിസ്ബുല്ലയുടെ സീനിയർ നേതാക്കളെ കാണാൻ ജനറൽ ഖാനി ബയ്റൂട്ടിലേക്ക് പോയിരുന്നതായി ഇറാനിയന്‍ അധികൃതർ രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഖാനി കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിരിക്കാമെന്ന അഭ്യൂഹങ്ങൾക്കിടയാക്കിയത്.

2020 ജനുവരി മൂന്നിനു ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി ബഗ്ദാദിൽ യുഎസ് ഡ്രോണാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജനറൽ ഇസ്മായിൽ ഖാനി പിൻഗാമിയായി ചുമതലയേറ്റത്. ഇറാനിലെ ശക്തനായ സൈനിക മേധാവിയാണ് ഖാനി. ഹിസ്ബുല്ല നേതാവ് നസ്റല്ലയുടെ മരണത്തെ തുടർന്ന് ഇറാൻ ഇരുന്നൂറോളം മിസൈലുകൾ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടിരുന്നു. ഇസ്രയേൽ‌ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണ്. ഇസ്രയേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 

English Summary:

Where is Esmail Qaani? Mystery Surrounds Quds Force Leader Amidst Iran-Israel Tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com