ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിനോട് ഇടഞ്ഞു പുറത്തുപോയ പി.വി.അൻവർ എംഎൽഎയ്ക്ക് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്. ഇത് പാർട്ടി വേറെയെന്നും തരത്തിൽ പോയി കളിക്കെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്.  രാഘവനെ പരാമർശിച്ചാണ് അൻവറിന്റെ പേര് പറയാതെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്. സർക്കാർ ശമ്പളം പറ്റുന്ന പ്രസ് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചട്ടവിരുദ്ധമാണെന്ന ആരോപണം ഇതിനോടകം ഉയർന്നുകഴിഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘‘എൺപതുകളുടെ തുടക്കത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എംവിആർ ആയിരുന്നു. ബദൽ രേഖ വന്നപ്പോഴും എംവിആറിനോട് ആരാധന തന്നെ. അന്ന് സമരത്തിൽ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ അവിടെ ജലക്ഷാമം രൂക്ഷം. എംവിആർ  ജയിലിൽ എത്തി.

ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങൾ. മുറിവുകൾ തൊട്ട് നോക്കി ആശ്വാസ വാക്കുകൾ. ചികിത്സ നൽകാൻ ജയിൽ സൂപ്രണ്ടിന് കഠിന നിർദേശം. അഞ്ചരക്കണ്ടിയിൽ നിന്ന് വെള്ളം കൊണ്ടുവരാൻ ഉഗ്രശാസന..!

ഞങ്ങൾ ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ എംവിആറിന്റെ പുതിയ പാർട്ടിയുടെ ഒരുക്കങ്ങൾ നടക്കുന്നു. നാടാകെ യോഗങ്ങൾ. ഓരോന്നിലും വൻ ജനാവലി. അന്ന് ചാനലുകൾ ഇല്ല. പത്രങ്ങൾ വിധിയെഴുതി. മാർക്സിസ്റ്റ് പാർട്ടി തീർന്നു!!!

എംവിആറിന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും തോന്നുമായിരുന്നു. ഇനി സിപിഎം ഉണ്ടാകുമോ എന്ന്. ഒന്നും സംഭവിച്ചില്ല. 1987ൽ വൻ ഭൂരിപക്ഷം നേടി എൽഡിഎഫ് വന്നു. എംവിആറിന്റെ പാർട്ടി സഭയിലെ ഏകാംഗ കക്ഷിയായി. 

എംവിആറിന് സാധിക്കാത്തത് , ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനെ, ഇത് വേറെ പാർട്ടിയാണ്. പോയി തരത്തിൽ കളിക്ക്!’’

English Summary:

Kerala CM's Press Secretary Sparks Outrage with Controversial Facebook Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com