ADVERTISEMENT

മലപ്പുറം∙ മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് അൻവർ. എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് സംഘടന ലക്ഷ്യമിടുന്നതെന്നാണു  പ്രഖ്യാപനം. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യം. ഇന്ത്യൻ ജനാധിപത്യത്തിന് കാവലാവശ്യമാണ്. അതിനുവേണ്ടി ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കുകയാണ് ലക്ഷ്യം. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാടാകും ഡിഎംകെ മുന്നോട്ടുവയ്ക്കുക. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയമെന്നും പൊതുസമ്മേളനത്തിൽ പ്രഖ്യാപനം.

ഡിഎംകെയുടെ പ്രധാന നയങ്ങൾ

∙ജാതി സെൻസസ് നടത്തണം

∙പ്രവാസികൾക്ക് വോട്ടവകാശം

∙മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം

∙മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം

∙വിദ്യാഭ്യാസ വായ്പ ബാധ്യതകൾ എഴുതിത്തള്ളണം

∙സംരംഭക സംരക്ഷണ നിയമം അടിയന്തരമായി നടപ്പാക്കണം

∙തിരികെയെത്തുന്ന പ്രവാസികൾക്കായി പദ്ധതികൾ ആരംഭിക്കും

∙ വിദ്യാഭ്യാസം സൗജന്യമാക്കണം

∙മേക്ക് ഇൻ കേരള പദ്ധതി ജനകീയമാക്കണം

∙വഴിയോര കച്ചവടക്കാർക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കണം

∙തൊഴിലില്ലായ്മ വേതനം മിനിമം 2000 രൂപയാക്കണം

∙അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് കെഎസ്ആർ‌ടിസി സൗജന്യ യാത്ര പാസ് 

∙വയോജന ക്ഷേമ നയം നടപ്പാക്കണം

∙വയോജന വകുപ്പ് രൂപീകരിക്കണം

∙തീരദേശ അവകാശ നിയമം പാസാക്കണം

∙പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കണം

∙നിയോജക മണ്ഡലങ്ങളിൽ കൃഷിക്കായി പ്രത്യേക സോൺ

∙പഞ്ചായത്ത് തോറും കാലാവസ്ഥ പഠന കേന്ദ്രം

∙റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം

∙ തോട്ടം പ്ലാന്റേഷനുകളിൽ ആരോഗ്യ–ഫാം ടൂറിസത്തിനായി നിയമഭേദഗതി

∙ ഓൺലൈൻ കച്ചവടം നിരുത്സാഹപ്പെടുത്തണം

∙വന്യമൃഗ ആക്രമണത്തിന്റെ നഷ്ട പരിഹാരം 50 ലക്ഷമാക്കണം

∙സഹകരണ സംഘങ്ങളിൽ ‍പാർട്ടി നിയമനങ്ങൾ അവസാനിപ്പിക്കും.

∙ലഹരിക്കെതിരെ ഗ്രാമതലത്തിൽ അധികാരമുള്ള ജനകീയ സംവിധാനം

∙2 എഫ്ഐആറുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും മാറ്റണം

∙അസ്വാഭാവികമല്ലാത്ത അപകട മരണങ്ങളിൽ കുടുംബം ആവശ്യപ്പെട്ടാൽ പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കണം

∙ശബരിമലയുടെയും വഖഫ് ബോർഡിന്റെയും ഭരണം അതാത് മതവിശ്വാസികൾ അല്ലാത്തവർ നിയന്ത്രിക്കുന്നതിൽ അടിയന്തര മാറ്റം വേണം

∙കായിക സർവകലാശാല നടപ്പിലാക്കണം

കോരിച്ചൊരിയുന്ന മഴയ്ക്കിടെ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ അൻവറിനെ  മുദ്രാവാക്യം വിളികളോടെയാണു പ്രവർത്തകർ സ്വീകരിച്ചത്. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി നൂറു കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ഡിഎംകെയുടെ വിശദീകരണം. ഡിഎംകെ മുന്നണിയിലെ പ്രധാന കക്ഷിയാണ് സിപിഎമ്മെന്നും അവരെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്നും അൻവറിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീടുകളിൽ പൊലീസെത്തിയെന്നു പൊതുസമ്മേളന വേദിയിലേക്ക് വീട്ടിൽനിന്നും തിരിക്കവേ പി.വി.അൻവർ ആരോപിച്ചു. സ്വർണക്കടത്തിൽ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസെത്തിയത്. ഇങ്ങനെയൊക്കെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ പൊലീസ് വാഹനങ്ങൾ തടയുകയാണെന്നും അൻവർ ആരോപിച്ചു. ഡിഎംകെയുടെ തീരുമാനം കാത്തിരുന്നു കാണാം’’– അൻവർ വിശദീകരിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ പതാകയുമായി പ്രവർത്തകർ അൻവറിന്റെ വീടിനു മുന്നിലും എത്തിയിരുന്നു. നീലഗിരിയിലുള്ള ഡിഎംകെ പ്രവർത്തകർ‌ യോഗത്തിനെത്തിയിട്ടുണ്ട്. ഇവർക്ക് വഴിക്കടവിൽ അൻവർ അനുകൂലികൾ സ്വീകരണമൊരുക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT