ADVERTISEMENT

തിരുവനന്തപുരം∙ ദേശീയ പാത നിർമാണവും അമിത ബസ് നിരക്കും മൂലം യാത്രക്കാർ കൂട്ടമായി ട്രെയിനുകളിലേക്കു മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തിരക്കേറിയ സെക്‌ഷനുകളിൽ കൂടുതൽ മെമു സർവീസുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. എന്നാൽ കൊല്ലം മെമു ഷെഡിൽ കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാൻ അടിസ്ഥാന സൗകര്യമില്ലാത്തതാണു വെല്ലുവിളി.

തീരദേശപാതയിലെ മെമു സർവീസുകളിലും കോച്ചുകൾ കൂട്ടണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച കൊല്ലം–എറണാകുളം മെമു സർവീസിലും വൻ തിരക്കായിരുന്നു. രാവിലത്തെ തിരക്കു നേരിടാൻ 8 കോച്ചുകൾ മാത്രമുള്ള മെമു പര്യാപ്തമല്ലെന്നു യാത്രക്കാർ പറയുന്നു. മാവേലിക്കര എത്തുന്നതിനു മുൻപു തന്നെ ട്രെയിൻ നിറഞ്ഞിരുന്നു. 16 കോച്ചുകളുള്ള മെമു ഓടിക്കാമെങ്കിലും മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കൊല്ലം മെമു ഷെഡിൽ കൂടുതൽ കോച്ചുകൾ കൈകാര്യം ചെയ്യാൻ സൗകര്യമില്ല.

മെമു ഷെഡ് വികസനത്തിന് 42 കോടി രൂപയുടെ കരാർ നൽകിയിട്ടുണ്ടെങ്കിലും കൊല്ലം നഗരസഭ, റെയിൽവേ ഭൂമിയിൽ അവകാശവാദമുന്നയിച്ചു തടസ്സം നിൽക്കുകയാണ്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭ്യമാക്കേണ്ട വികസന പദ്ധതിക്കു തർക്കം പരിഹരിച്ചു ഭൂമി ലഭ്യമാക്കേണ്ട സംസ്ഥാന സർക്കാരും അനങ്ങിയിട്ടില്ല.

അടിയന്തരമായി ഈ വിഷയം ചർച്ച ചെയ്യാൻ നഗരസഭയുടേയും റെയിൽവേയുടേയും സംയുക്ത യോഗം വിളിക്കുമെന്നു എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഏറെ പരിശ്രമിച്ചാണു 42 കോടി രൂപയുടെ പദ്ധതിക്കു അനുമതി ലഭ്യമാക്കിയതെന്നും എംപി പറഞ്ഞു. 8 കോച്ചുള്ള മെമുവിൽ 800 പേർക്കാണു യാത്ര ചെയ്യാനാകുക. 16 കോച്ചുകളാക്കിയാൽ ഒരേ സമയം 1600 പേർക്കു യാത്ര ചെയ്യാൻ കഴിയും.

16 കോച്ച് മെമു അറ്റകുറ്റപ്പണി ചെയ്യാനുള്ള സൗകര്യം കേരളത്തിൽ ഉണ്ടാകേണ്ടത് അത്യാവശമാണ്. പുതിയതായി റെയിൽവേ പുറത്തിറക്കുന്ന വന്ദേ മെട്രോ ട്രെയിനുകളും 16 കോച്ചുകളുള്ളവയാണ്. ഷെഡ് വികസനം നടക്കാത്തതിനാൽ ആവശ്യത്തിനു ജീവനക്കാരും കൊല്ലത്തെ ഷെഡിൽ ഇല്ല. 54 ജീവനക്കാർ വേണ്ടിടത്തു 32 പേരാണുള്ളത്. തിരുവനന്തപുരം ഡിവിഷനിലെ ഏക മെമു ഷെഡാണു കൊല്ലത്തുള്ളത്.

English Summary:

Demand for more MEMU services in congested sections of kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com