പിളർന്നും വളർന്നും പിളർന്നും പടർന്ന രാഷ്ട്രീയ വൃക്ഷം; കേരള കോൺഗ്രസിന്റെ ആറു പതിറ്റാണ്ട്
Mail This Article
തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍നിന്നു കലഹിച്ചിറങ്ങി ഒന്നായി നില്‍ക്കുകയും പിന്നീട് പലതായി പിരിയുകയും ചെയ്ത് കേരള രാഷ്ട്രീയ ഭൂമികയില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ കരുത്തു തെളിയിച്ച് ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി കേരളാ കോണ്‍ഗ്രസ്. അറുപതു വര്‍ഷത്തിനിടെ പലതവണയായി പത്തിലേറെ തവണ പിളരുകയും ആറിലധികം തവണ ലയിക്കുകയും ചെയ്താണ് പാര്‍ട്ടിയുടെ പ്രയാണം.
1964ല്‍ ആര്.ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോയുടെ രാജിയും വിവാദങ്ങളും ഒടുവില്‍ അദ്ദേഹത്തിന്റെ മരണവുമാണു കേരള കോണ്‍ഗ്രസിന്റെ ജനനത്തിനു വഴിതെളിച്ചതെന്നു പറയാം. ശങ്കര്‍ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ 1964 സെപ്റ്റംബര്‍ എട്ടിനു കെ.എം.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള 15 എംഎല്‍എമാര്‍ പിന്തുണച്ചതോടെയാണു കോണ്‍ഗ്രസിലെ പിളര്‍പ്പിനു കളമൊരുങ്ങിയത്. വിഘടിച്ച ഗ്രൂപ്പ് 1964 ഒക്ടോബര്‍ ഒൻപതിനു കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. കോട്ടയം തിരുനക്കര മൈതാനത്തു നടന്ന സമ്മേളനത്തില്‍ മന്നത്തു പദ്മനാഭനാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ നിന്നുള്ള പിളര്പ്പിലൂടെ കെ.എം.ജോര്‍ജ് രൂപം നല്കിയ കേരള കോണ്‍ഗ്രസ് പിന്നീട് പലവട്ടം പിളര്‍ന്നു.
കെ.എം.ജോര്‍ജ് ചെയര്‍മാനും ആര്.ബാലകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറിയുമായി രൂപംകൊണ്ട കേരള കോണ്‍ഗ്രസ് 1965 ല്‍ ആണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മന്നത്തു പത്മനാഭന്റെ പിന്തുണയോടെ ഒറ്റയ്ക്കു മത്സരിച്ച പാര്‍ട്ടിക്ക് അന്ന് 23 എംഎല്‍എമാരെ കിട്ടി. 1969 ല്‍ സി.അച്യുതമേനോന് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.എം.ജോര്‍ജാണു പാര്‍ട്ടിയുടെ ആദ്യ മന്ത്രി. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് 1975 ല്‍ കെ.എം.മാണിയും ആര്.ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി. പിള്ളയുടെ രാജിയെത്തുടര്‍ന്ന് കെ.എം.ജോര്‍ജും മന്ത്രിയായി. 1976 ല്‍ ജോര്‍ജിന്റെ നിര്യാണത്തെ തുടര്‍ന്നു കെ.നാരായണക്കുറുപ്പ് 1977 ല്‍ മന്ത്രിയായി. പിന്നീടു വന്ന കെ.കരുണാകരന്, എ.കെ.ആന്റണി, പി.കെ.വാസുദേവന്‍ നായര്‍ മന്ത്രിസഭകളിലും കേരള കോണ്‍ഗ്രസ് മന്ത്രിമാരുണ്ടായിരുന്നു.
1976 ല്‍ കെ.എം.ജോര്‍ജ് അന്തരിച്ചപ്പോള്‍ ആ വിഭാഗത്തിന്റെ നേതൃത്വം ആര്.ബാലകൃഷ്ണപിള്ള ഏറ്റെടുത്തു. കെ.എം.മാണിയുടെ തിരഞ്ഞെടുപ്പ് 1977 ല്‍ അസാധുവാക്കിയതിനെ തുടര്‍ന്നു പി.ജെ.ജോസഫ് ആഭ്യന്തരമന്ത്രിയായി. പിന്നീട് 1978 ല്‍ സുപ്രീം കോടതി മാണിക്ക് അനുകൂലമായി വിധിച്ചപ്പോള്‍ അദ്ദേഹത്തിനായി ജോസഫ് രാജിവച്ചു. പക്ഷേ പാര്‍ട്ടി ചെയര്‍മാനാക്കണമെന്നു ജോസഫ് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കം 79 ല്‍ അടുത്ത പിളര്‍പ്പിനു വഴിയൊരുക്കി; കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നിലവില്‍വന്നു. ഇതാണു കേരള കോണ്‍ഗ്രസിലെ എക്കാലത്തെയും വലിയ പിളര്‍പ്പ്. പിന്നീട് ഇടുക്കി ലോക്സഭാ സീറ്റിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ 1985 ല്‍ മാണി, ജോസഫ് വിഭാഗങ്ങള്‍ ഒന്നായി. 1987 ല്‍ വീണ്ടും ജോസഫ് വഴിപിരിഞ്ഞു. 2010 ല്‍ പിന്നെയും ലയനം.
1993 ല്‍ മാണിഗ്രൂപ്പ് പിളര്‍ന്ന് ടി.എം.ജേക്കബ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു. 2003 ല്‍ പി.സി.തോമസ് കേരളാ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. അതേവര്‍ഷം പി.സി.ജോര്‍ജ് പി.ജെ.ജോസഫുമായി പിണങ്ങി കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിക്കു രൂപം നല്കി. 2010ല്‍ കെ.എം.മാണിയും പി.ജെ.ജോസഫും വീണ്ടും ഒന്നായി. പി.സി.ജോര്‍ജും എത്തിയെങ്കിലും 2015ല്‍ വേര്‍പിരിഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജോസഫ് ഗ്രൂപ്പ് വിട്ടവര്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. പിന്നീട് ഫ്രാന്‍സിസ് ജോര്‍ജും പി.സി.തോമസും തിരിച്ചെത്തി. 2019 ല്‍ കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. ജോസ് കെ.മാണി വിഭാഗം 2020 ല്‍ എല്‍ഡിഎഫിന്റെ ഭാഗമായി. ജോസഫ് വിഭാഗം യുഡിഎഫില്‍ തുടര്‍ന്നു.
ഇപ്പോള്‍ നിയമസഭയില്‍ അഞ്ചു കേരള കോണ്‍ഗ്രസുകള്‍ക്കു പ്രാതിനിധ്യമുണ്ട്. ജോസ് കെ.മാണി നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസിനു (എം) മാത്രമാണു സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരമുള്ളത്. കേരള കോണ്‍ഗ്രസിന് (എം) 2 എംപിമാരും 5 എംഎല്‍എമാരും നിലവിലുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധി ആന്റണി രാജുവാണ്. എല്‍ഡിഎഫിന്റെ ഘടക കക്ഷിയായ സ്കറിയ തോമസ് ഗ്രൂപ്പിന് എംഎല്‍എ ഇല്ല. യുഡിഎഫിന്റെ ഭാഗമായ പി.ജെ.ജോസഫ് വിഭാഗത്തിനു രണ്ട് എംഎല്‍എമാര്‍ ഉണ്ട്. ജേക്കബ് ഗ്രൂപ്പിന് അനൂപ് ജേക്കബ് ആണ് എംഎല്‍എയായുള്ളത്. ആര്.ബാലകൃഷ്ണ പിള്ള ഗ്രൂപ്പിന് അദ്ദേഹത്തിന്റെ മകനായ കെ.ബി.ഗണേഷ് കുമാര്‍ മന്ത്രിയായി നിയമസഭയിലുണ്ട്.
കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നീ വിഭാഗങ്ങളാണ് ഇപ്പോള്‍ യുഡിഎഫിലുള്ളത്. കേരള കോണ്‍ഗ്രസ് (എം), കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്) എന്നിവര്‍ എല്‍ഡിഎഫിലാണ്. പി.സി.ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിച്ചു.