ADVERTISEMENT

തിരുവനന്തപുരം∙ ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ചോദ്യം ചെയ്യൽ തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ പൂർത്തിയായി. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്. പൊലീസ് ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ല. മൊബൈൽ‌ അടക്കമുള്ള രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

ഒന്നര മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. പൊലീസിന്റെ ചോദ്യങ്ങൾ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് അദ്ദേഹം സഹകരിക്കുന്നില്ല എന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇനി സിദ്ദിഖിനെ ചോദ്യം ചെയ്യേണ്ടെന്നും കോടതിയിൽ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം.

ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. നേരത്തെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവിലായിരുന്നു സിദ്ദിഖ്. ഇതിനിടെ സുപ്രീം കോടതിയെ സമീപിച്ച അദ്ദേഹം അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സ്വന്തമാക്കി. ഉത്തരവ് ലഭിച്ച ശേഷമാണ് സിദ്ദിഖ് ഒളിവിൽ നിന്നും പുറത്തെത്തിയത്.

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ ന‌ടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു.

English Summary:

Actor Siddique presented investigation team on rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com