വിഴിഞ്ഞം തുറമുഖം: ഒന്നാംഘട്ട കമ്മിഷനിങ് ഡിസംബറിൽ? ഇതുവരെ എത്തിയത് 19 കപ്പലുകൾ
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ കമ്മിഷനിങ് ഡിസംബർ 3ന് നടത്താൻ ആലോചന. സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാർ അനുസരിച്ച് ഡിസംബർ മൂന്നിനാണ് കമ്മിഷനിങ് നടത്തേണ്ടത്. തീയതി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്.
വിഴിഞ്ഞം തുറമുഖം ട്രയൽ റൺ ആരംഭിച്ചശേഷം 19 കപ്പലുകളാണ് തുറമുഖത്തിലെത്തിയത്. 60,503 കണ്ടെയ്നറുകൾ (ടിഇയു) കൈകാര്യം ചെയ്തു. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയുടെ നിർമാണത്തിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഔട്ടർ റിങ് റോഡും, വികസന ഇടനാഴിയും, ഔട്ടർ ഏരിയ ഗ്രോത് കോറിഡോറും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.
8 ഷിപ്പ് ടു ഷോർ ക്രെയിനുകളും 23 യാർഡ് ക്രെയിനുകളും വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിച്ചു. തുറമുഖത്തിനായുള്ള 220 കെവി സബ്സ്റ്റേഷന്‍, 33 കെവി സബ്സ്റ്റേഷൻ, പോർട്ട് ഓപ്പറേഷൻ കെട്ടിടം, ഗേറ്റ് കോംപ്ലക്സ്, സെക്യൂരിറ്റി ബിൽഡിങ് എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥാനം രാജ്യാന്തര കപ്പൽചാലിന് അടുത്തായതിനാൽ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾക്ക് വരെ വിഴിഞ്ഞം തുറമുഖത്തിൽ എത്താൻ കഴിയും. കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതിന്റെ നികുതി ഇനത്തിൽ ഇതുവരെ 4.7 കോടിരൂപ സർക്കാരിനു ലഭിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള മത്സ്യബന്ധന തുറമുഖം വിഴിഞ്ഞത്ത് നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.