ADVERTISEMENT

കോഴിക്കോട്∙ വ്യാജ ഓഹരി വ്യാപാര വെബ്സൈറ്റ് ഉപയോഗിച്ച് നിർമിത ബുദ്ധി (എഐ) സംവിധാനം വഴി കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശിയായ സാബിക്കിനെ (26) ആണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. 

ജോലിയിൽനിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിയെയാണു കബളിപ്പിച്ചത്. ഷെയർ ട്രേഡിങ് രംഗത്ത് പരിചയവും പ്രാഗത്ഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്സാപ് അക്കൗണ്ടുകൾ ഉപയോഗിച്ച് ഓഹരി സംബന്ധമായ ക്ലാസുകളും നിർദേശങ്ങളും നൽകി വിശ്വാസം പിടിച്ചുപറ്റിയാണു തട്ടിപ്പിനു കളമൊരുക്കിയത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 48 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

പരാതിക്കാരനിൽനിന്നു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി അയപ്പിച്ചു തട്ടിയെടുത്ത പണം ഇന്റർനെറ്റ് ബാങ്കിങ് വഴി മറ്റൊരു പ്രതി മുജീബിന്റെ അക്കൗണ്ടിലേക്കു എത്തുകയും പ്രതികളായ സാബിക്കും ജാബിറലിയും കൂടി ചെക്കുകൾ ഉപയോഗിച്ച് പിൻവലിക്കുകയുമായിരുന്നു. സാമ്പത്തിക തട്ടിപ്പുസംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകുന്ന പ്രധാന കണ്ണിയാണു സാബിക്ക്. തട്ടിയെടുത്ത പണം എത്തിയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് തിരിച്ചറിഞ്ഞത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അങ്കിത് സിങ്ങിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആര്‍.രഞ്ജിത്താണു പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിമീഷ്, രാജേഷ് ജോര്‍ജ്, ഷമാന അഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാം.

English Summary:

AI investment scam arrest Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com