ADVERTISEMENT

പത്തനംതിട്ട ∙ ശബരിമലയിലെ ആചാര ലംഘനങ്ങൾക്കെതിരെ അയ്യപ്പ സേവാ സമാജം പത്തനംതിട്ട കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. സമാജം സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നു പറഞ്ഞു പേടിപ്പിക്കേണ്ടെന്നും ഓൺലൈ‍ൻ ബുക്കിങ് വഴി ദർശനം നടത്താൻ ആദ്യം അക്ഷയ സെന്ററിൽ കാണിക്കയിടേണ്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിലെ സങ്കൽപത്തെ കുഴപ്പത്തിലാക്കാൻ ആരും ശ്രമിക്കരുത്. അത് അപകടമാണ്. ഭക്തസമൂഹം ഉണരും. പരീക്ഷണങ്ങളായാണ് പ്രശ്നങ്ങളെ കാണുന്നത്. ഭഗവാൻ വെറുതെ വിടില്ല. അവസാനം ഇതൊക്കെ വലിയ കുഴപ്പത്തിലാകാൻ സാധ്യതയുണ്ട്. കൃത്യമായ പരിപാടികളുടെ അടിസ്ഥാനത്തിൽ പ്രതിഷേധങ്ങളുണ്ടാകും. ദേവസ്വം ബോർഡും മറ്റ് അംഗങ്ങളും രാഷ്ട്രീയം മാറ്റിവയ്ക്കണം. ഇവരൊക്കെ ആചാരങ്ങളെ നിഷ്കരുണം പ്രഹരിക്കുന്നു. പമ്പയിൽ ശുചിമുറി സൗകര്യങ്ങൾ പോലുമില്ല. നമ്മുടെ സ്വഭാവത്തിൽ മാറ്റം വരാതെ സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്. പൊലീസിന്റെ പെരുമാറ്റവും കണ്ണുമിഴിച്ചുള്ള നോട്ടവുമൊക്കെ നമ്മൾ കണ്ടതാണ്. പൊലീസുകാർ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭഗവാനു വിരോധമുണ്ടാകും. ഈശ്വരനെ മറന്നു കാര്യങ്ങൾ ചെയ്യരുത്.

ഇനിയും ശബരിമലയിൽ പ്രശ്നമുണ്ടായാൽ പലതും സംഭവിച്ചേക്കാം. നമുക്കു നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ കാര്യങ്ങളുണ്ടാകും. സംഘടിതമായാണ് ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്. ഹൈന്ദവ സമൂഹം ഉണരില്ല, പ്രതികരിക്കില്ല, അങ്ങനെയുണ്ടാകില്ല എന്നു കരുതേണ്ട. അതിനൊക്കെ സാധ്യതയുണ്ട്. കാര്യങ്ങൾ പരിഹരിക്കാൻ ധാരണയുള്ളവർ നേതൃത്വത്തിലുണ്ടാകണം. ശബരിമലയിലെത്തി ‘അതാണോ വിളക്ക്, ഇതാണോ അയ്യപ്പൻ’ എന്നൊക്കെ ചോദിക്കേണ്ട അവസ്ഥ വരരുത്. ബോർഡിനും സർക്കാരിനും ഇതിനെക്കുറിച്ച് ധാരണയില്ല എന്നു തോന്നിപ്പോകും. രാഷ്ട്രീയത്തിന് എതിരല്ല. എന്നാൽ ആചചാരങ്ങൾ സംരക്ഷിക്കപ്പെടണം.

ഭസ്മക്കുളത്തിന്റെ സ്ഥാനം മാറ്റുന്നത് ആചാര ലംഘനമാണ്. മറ്റു ക്ഷേത്രങ്ങളിലെ ക്രമീകരണവുമായുള്ള താരതമ്യം പ്രായോഗികമല്ല. 2018നു മുൻപ് ഒരു കോടിയിലേറെ തീർഥാടകർ ഒരു പ്രശ്നവുമില്ലാതെ വന്നിരുന്നു. ഇത്തവണ മുൻപത്തെ പോലെ വെറുതെയിരിക്കും, പ്രശ്നങ്ങളുണ്ടാകില്ലെന്നു കരുതരുത്. അയ്യപ്പനുമായി ബന്ധപ്പെട്ട ആളുകളും സംഘടനകളും ഒന്നിച്ചു നീങ്ങും. സുപ്രീം കോടതി വിധി വന്ന് അര മണിക്കൂറിനകം ആചാരലംഘനം നടത്തിയതൊന്നും ആരും മറന്നിട്ടില്ല. ഹൈന്ദവ സമൂഹത്തെ ആക്ഷേപിക്കാനുള്ള ശ്രമമാണു നടക്കുന്നത്.‌

ആചാര സംരക്ഷണത്തിനുള്ള ശ്രമങ്ങളെ ചില രാഷ്ട്രീയക്കാർ തെറ്റായി വ്യാഖ്യാനിക്കുന്നതാണു പ്രശ്നം. ആചാരങ്ങൾ സംരക്ഷിച്ചേ പറ്റൂ. ഭക്തർക്കു കുടിവെള്ളം പോലും കൊടുക്കാതെ നടത്തിയതു മനുഷ്യാവകാശ ലംഘനമാണ്. വടംകെട്ടി തീർഥാകരെ തടഞ്ഞതുൾപ്പെടെ നാം കണ്ടു. തീർഥാടനത്തിന് ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഭക്തിയും വിശ്വാസവും സംരക്ഷിക്കാൻ കൂടിയാണു നിയമങ്ങൾ. കഴിഞ്ഞ വർഷം മാലയൂരി ഭക്തർ മടങ്ങുന്ന സ്ഥിതിയുണ്ടായി, അതനുവദിക്കില്ല– അക്കീരമൺ വ്യക്തമാക്കി.

English Summary:

Ayyappa Seva Samaj Protests at Pathanamthitta Collectorate Against Ritual Violations at Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com