ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു
Mail This Article
പട്ന ∙ ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. സിവാൻ ജില്ലയിൽ 20, സാരൻ ജില്ലയിൽ 5 എന്നിങ്ങനെയാണു മരണസംഖ്യ. വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി. വിഷമദ്യ കേസിൽ സിവാനിൽനിന്ന് 9 പേരെയും സാരനിൽനിന്നു 3 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സിവാൻ, സാരൻ ജില്ലകളിൽ പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു.
വിഷമദ്യ ദുരന്തം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. സംഭവത്തെ കുറിച്ചു സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ബിഹാറിലെ മദ്യനിരോധനം കടലാസിൽ മാത്രമേയുള്ളൂവെന്നു ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചു. ബിഹാറിലെ എല്ലാ ജില്ലകളിലും വിഷമദ്യ ദുരന്തങ്ങൾ നടക്കുന്നുണ്ടെന്നും പലതും മൂടിവയ്ക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു.