ADVERTISEMENT

കൽപറ്റ∙ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വയനാട്ടിലും. നേരത്തേ കോഴിക്കോട് ജില്ലയിൽ വിദ്യാർഥികളെ മറയാക്കി സംഘം പണം തട്ടിയിരുന്നു. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ പത്തിലധികം വിദ്യാർഥികൾ കെണിയിൽപ്പെട്ടെന്നാണ് വിവരം. ഇതിൽ ഒരു വിദ്യാർഥിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു പൊലീസിന്റെ നോട്ടിസ് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ജില്ലയിലെ പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ അക്കൗണ്ട് ഉടമയ്ക്കെതിരെ 7 സംസ്ഥാനങ്ങളിൽ കേസ് റജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഇതേ വിദ്യാഭ്യാസ സ്ഥാപനത്തിലെ മറ്റു വിദ്യാർഥികളും ഇത്തരത്തിൽ അക്കൗണ്ടുകൾ നൽകിയെന്ന വിവരവും പുറത്തു വന്നു. 

ഇടനിലക്കാർ വഴി വിദ്യാർഥികളെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ചശേഷം എടിഎം കാർഡ് ഇവർ കൈവശം വയ്ക്കും. തുടർന്ന് കള്ളപ്പണവും ഓൺലൈൻ ട്രേഡിങ്ങിലൂടെയും മറ്റ് ഓൺലൈൻ തട്ടിപ്പിലൂടെയും നേടുന്ന പണം ഇവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റും. ഈ തുക ഇടനിലക്കാർ വഴി പിൻവലിക്കും. 10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നാൽ 3000 രൂപ വരെയാണ് അക്കൗണ്ട് ഉടമയ്ക്ക് കമ്മിഷൻ. എന്നാൽ ഇടനിലക്കാർക്ക് ഒരു ലക്ഷം രൂപ വരെ കമ്മിഷൻ ലഭിക്കുന്നുണ്ടെന്നാണ് വിവരം. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ പല വിദ്യാർഥികളുടെയും അക്കൗണ്ടിലൂടെ 10 ലക്ഷത്തിലധികം രൂപയാണ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. കൊടുവള്ളി സ്വദേശിയായ ആളാണ് ഇടനിലക്കാരനായി പ്രവർത്തിക്കുന്നതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. ഇയാളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. 

പനമരം അഞ്ചാംമൈൽ സ്വദേശിയായ പൊതുപ്രവർത്തകൻ മുസ്തഫ എറമ്പയിൽ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വടകരയിൽ അക്കൗണ്ട് എടുത്തു നൽകിയ നാല് പേരെ ഭോപാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ ഒരാളാണ് മറ്റുള്ളവരെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ചത്. കമ്മിഷിനായി 5000 രൂപയും നൽകി. ഒരു മാസം മുൻപാണ് വടകര സ്വദേശികളായ നാല് പേരെ ഭോപാൽ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പണം ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയതോടെയാണ് ഇവരെ തേടി പൊലീസ് എത്തിയത്. നാല് പേരെയും റിമാൻഡ് ചെയ്തു. കൊയിലാണ്ടിയിലെ വിദ്യാർഥികളും ഇതേ രീതിയിൽ കെണിയിൽ പെട്ടിരുന്നു.

ഓൺൈലൻ ട്രേഡിങ്ങും മറ്റ് ഓൺലൈൻ തട്ടിപ്പും വഴി ലഭിക്കുന്ന പണം തട്ടിപ്പുകാർ പല ആൾക്കാരുടെ അക്കൗണ്ടുകളിലേക്കാണ് ട്രാൻസ്ഫർ ചെയ്യുന്നത്. മുംൈബയിലും ഡൽഹിയിലും ഇരുന്ന് നടത്തുന്ന തട്ടിപ്പുകളുടെ പണമായിരിക്കും കേരളത്തിലെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത്. അക്കൗണ്ട് ഉടമയ്ക്ക് തട്ടിപ്പുമായി  ബന്ധമുണ്ടാകില്ല. കമ്മിഷൻ പ്രതീക്ഷിച്ചാണ് ഇവർ അക്കൗണ്ട് കൈകാര്യം ചെയ്യാൻ അനുവദിക്കുന്നത്. എന്നാൽ പൊലീസ് അന്വേഷിച്ച് എത്തുമ്പോൾ അക്കൗണ്ട് ഉടമകൾ കുടുങ്ങും. വയനാട്, കോഴിക്കോട് ജില്ലകളിലായി നിരവധിപ്പേർ ഇങ്ങനെ അക്കൗണ്ട് എടുത്തു നൽകിയിട്ടുണ്ടെന്നാണ് വിവരം. ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരിൽ പലരും പരാതി നൽകാൻ തയാറാകുന്നില്ല. അതിനാലാണ് ഇത്തരത്തിൽ പണം എത്തുന്ന പല അക്കൗണ്ടുകൾക്കെതിരെയും അന്വേഷണം നടക്കാത്തത്. എന്നാൽ പരാതി നൽകി പൊലീസ് അന്വേഷണം നടത്തിയാൽ അക്കൗണ്ട് ഉടമകളിലായിരിക്കും എത്തിച്ചേരുന്നത്.

English Summary:

Wayanad Students Targeted in Shocking Bank Account Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com