നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം?; അന്വേഷണ ചുമതലയിൽ നിന്നും കലക്ടറെ മാറ്റി
Mail This Article
കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വെവ്വേറെയായതാണ് സംശത്തിനു കാരണം. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന വാദത്തിനു ബലം നൽകുന്നു.
അതേസമയം, നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ച് അന്വേഷിക്കുന്നതില്‍നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റി. മന്ത്രി കെ.രാജന്റെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി ഇക്കാര്യം കലക്ടറെ അറിയിച്ചു. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിനാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ആറു കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്കാണ് അന്വേഷണച്ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
നവീന്‍ ബാബു കുറ്റക്കാരനല്ലെന്നു കലക്ടറുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള വിശദ അന്വേഷണത്തില്‍നിന്നാണ് ഇപ്പോള്‍ കലക്ടറെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ പങ്കെടുത്തത് കലക്ടറുടെ ക്ഷണമനുസരിച്ചായിരുന്നുവെന്ന വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. നവീനു താല്‍പര്യമില്ലാഞ്ഞിട്ടും യാത്രയയപ്പു യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സൗകര്യത്തിനു കലക്ടര്‍ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ജാമ്യാപേക്ഷയില്‍ കക്ഷിചേരുമെന്നും നവീന്റെ കുടുംബം പ്രതികരിച്ചു. കലക്ടര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സമാന ആവശ്യം ഉന്നയിച്ചിരുന്നു.
റവന്യൂ വകുപ്പ് അന്വേഷിക്കുന്ന 6 കാര്യങ്ങള്‍
1. എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങളും നടപടിക്രമങ്ങളും
2. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ എഡിഎം നവീന്‍ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍
3. ആരോപണങ്ങള്‍ക്ക് ഉപോല്‍ബലകമായി ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടോ
4. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായി എന്ന ആരോപണം ഉയര്‍ന്ന ഫയല്‍ പരിശോധിക്കും. സാധാരണ എടക്കുന്ന സമയത്തില്‍ കൂടുതല്‍ എന്‍ഒസി നല്‍കാന്‍ എടുത്തിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണവും അന്വേഷിക്കും.
5. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍ എന്തെങ്കിലും തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ട്
6. അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ആവശ്യമെന്നു തോന്നുന്ന മറ്റു കാര്യങ്ങള്‍