ADVERTISEMENT

ശബരിമല∙ അയ്യപ്പ ദർശനത്തിന് അനുഭവപ്പെടുന്ന വലിയ ഭക്തജന തിരക്ക് പരിഗണിച്ച് ശബരിമലയിലെ ഇന്നത്തെ ദർശന സമയം  3  മണിക്കൂർ വർധിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടക്കുന്നതിന് പകരം മൂന്നു മണി വരെ ഭക്തർക്ക് ദർശനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 5 മണിക്ക് നട തുറക്കുന്നതിനു പകരം നാലുമണിക്ക് ദർശനത്തിനായി നട തുറക്കുമെന്നും അധികൃതർ അറിയിച്ചു.

സന്നിധാനത്ത് ദർശന സുകൃതം തേടി മലകയറി എത്തിയ തീർഥാടകരുടെ അഭൂതപൂർവമായ തിരക്കാണ് രാവിലെയോടെ അനുഭവപ്പെട്ടത്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടു. 6 മണിക്കൂർ വരെ കാത്തു നിന്നാണ് അയ്യപ്പന്മാർ ദർശനം നടത്തുന്നത്. മാസപൂജാ സമയത്ത് ഇത്രയും തിരക്കു വരുന്നത് ആദ്യമാണ്.

തിരക്കു നിയന്ത്രിക്കാൻ മതിയായ പൊലീസില്ല. 170 പൊലീസുകാരാണ് ആകെയുള്ളത്. മൂന്ന് ഷിഫ്റ്റായിട്ടാണ് ഇവർക്ക് ഡ്യൂട്ടി. മിനിറ്റിൽ 85 മുതൽ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാൻ കഴിയൂ. പൊലീസിന് അതിനു കഴിയുന്നില്ല. ഒരു മിനിറ്റിൽ പരമാവധി 50 മുതൽ 52 പേർ വരെയാണ് പടികയറുന്നത്. ഇതിനിടെ നടപ്പന്തലിൽ വരി നിൽക്കാതെ പതിനെട്ടാംപടിക്കു താഴെ ബാരിക്കേഡിനു പുറത്ത് തിക്കും തിരക്കും കൂട്ടുന്നവരും ഏറെയാണ്. വാവരു നട, അഴിയുടെ ഭാഗം, മഹാ കാണിക്ക എന്നിവിടങ്ങളിലാണ് നിയന്ത്രണമില്ലാതെ തിക്കും തിരക്കും കൂട്ടുന്നത്.

പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ കാത്തു നിൽക്കുന്ന തീർഥാടകർക്ക് ചുക്കു വെള്ളം കൊടുക്കാൻ വലിയ നടപ്പന്തലിൽ മാത്രമാണ് ദേവസ്വം ബോർഡ് ക്രമീകരണം ചെയ്തിട്ടുള്ളത്. സന്നിധാനത്തിലെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, പിൽഗ്രീം സെന്ററുകൾ എന്നിവയിൽ തീർഥാടന അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സന്നിധാനത്ത് താമസ സൗകര്യവും കുറവാണ്, മഴയും ഉണ്ട്.

English Summary:

Sabarimala Witnesses Record-Breaking Devotee Surge, Long Queues for Darshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com