എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മേയര്‍; സിപിഎം കൊടിയേന്തിയുള്ള ആത്മഹത്യ ഭീഷണി അവസാനിപ്പിച്ച് തൊഴിലാളികൾ
Mail This Article
തിരുവനന്തപുരം∙ കോര്‍പറേഷൻ ഓഫിസിനു മുന്നില്‍ ശുചീകരണ തൊഴിലാളികള്‍ നടത്തിയ സമരം പിന്‍വലിച്ചു. തൊഴിലാളികള്‍ക്ക് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. ശാസ്ത്രീയമായി മാലിന്യം നിര്‍മാര്‍ജനം ചെയ്ത ഒരു തൊഴിലാളിയെയും മാറ്റി നിര്‍ത്തില്ലെന്നും മേയര്‍ പറഞ്ഞു.
ഇന്നു രാവിലെയാണ് മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍ രംഗത്തെത്തിയത്. അറിയിപ്പില്ലാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാഭീഷണി. സിപിഎം കൊടികളേന്തി മരത്തിനു മുകളില്‍ കയറിയ തൊഴിലാളികള്‍ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
പതിനെട്ട് ദിവസമായി ഇവര്‍ സമരം നടത്തുന്നുണ്ടെങ്കിലും കോര്‍പറേഷന്‍ ഗൗനിക്കാതായതോടെയാണ് തൊഴിലാളികള്‍ വ്യത്യസ്തമായ സമരമുറ പരീക്ഷിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഇവരുമായി ചര്‍ച്ച നടത്തി വിഷയം പരിഹരിക്കുകയായിരുന്നു.